വിഎസ്: അവസാനിക്കാത്ത പോരാട്ടത്തിന്റെ മറ്റൊരു പേര്

കണ്ണേ കരളേ വിഎസ്സേ എന്നുറക്കെ വിളിച്ച് ജനം കേരള രാഷ്ട്രീയത്തിലെ എക്കാലത്തേയും ജനപ്രിയനായ നേതാവിനോടുള്ള സ്നേഹം അടയാളപ്പെടുത്തി.
വിഎസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദൻSource; News Malayalam 24X7
Published on

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ്. കേരള രാഷ്ട്രീയത്തിലെ തന്നെ വിപ്ലവ സൂര്യൻ. അവസാനിക്കാത്ത പോരാട്ടത്തിന്റെ മറ്റൊരു പേര്. അതിനുമപ്പുറം, മലയാളിയുടെ രാഷ്ട്രീയ സാമൂഹിക ജീവിതത്തെ ആഴത്തിൽ സ്വാധിനിച്ച നിലപാട്. നീതിക്കു വേണ്ടിയുളള കലഹങ്ങൾ, കേരള ചരിത്രത്തോളം പഴക്കമുള്ള രാഷ്ട്രീയ സമരങ്ങൾ, കാലം ഉയർത്തിയ മുദ്രാവാക്യങ്ങൾ, 82-ാം വയസില്‍ മുഖ്യമന്ത്രി. അങ്ങനെ വിഎസിന്റെ രാഷ്ട്രീയ നാള്‍വഴി ചരിത്രബോധമുള്ള മലയാളിയെ എല്ലാക്കാലത്തും ത്രസിപ്പിക്കുന്നതാണ്. പാര്‍ട്ടി സെക്രട്ടറി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ പദവികള്‍ വഹിച്ചപ്പോഴെല്ലാം മനുഷ്യപക്ഷത്തായിരുന്നു വിഎസ്. ജനകീയ പ്രശ്നങ്ങളില്‍ ആദ്യം ഉയര്‍ന്നുകേട്ടിരുന്നത് ആ ശബ്ദമായിരുന്നു.

1923 ഒക്ടോബർ 20ന് ആലപ്പുഴയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായിട്ടായിരുന്നു വിഎസിന്റെ ജനനം. നാലര വയസുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ടു, പതിനൊന്നാം വയസിൽ അച്ഛനേയും. കടുത്ത ദാരിദ്ര്യത്തിലായിരുന്നു വിഎസിന്റെ ജീവിതം. ഏഴാം ക്ളാസ്സില്‍ പഠനം അവസാനിപ്പിച്ച്, ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയിൽ ജോലി നോക്കി. പിന്നീട് കയര്‍ ഫാക്ടറിയില്‍ ജോലിക്ക് കയറി. 1938ൽ സ്റ്റേറ്റ് കോൺഗ്രസില്‍ അംഗമായി. പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്ന വിഎസ് 1940ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

വി എസ് അച്യുതാനന്ദൻ
വി എസ് അച്യുതാനന്ദൻSource; Facebook

പതിനേഴാം വയസില്‍ പാര്‍ട്ടി അംഗത്വം . 1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ പ്രതിനിധി. തൊഴിലാളികള്‍ക്ക് കരുത്തും പ്രതീക്ഷയുമായി വി എസിൻ്റെ വളർച്ച. കുട്ടനാട്ടിൽ കൊടുങ്കാറ്റായി അലയടിച്ച ഇൻക്വിലാബ് വിളികൾ. സമര ജീവിതം, പ്രതിഷേധങ്ങൾ, പൊലീസ് അറസ്റ്റ്, ക്രൂര മർദനമുറകൾ, ഒളിവു ജീവിതം. അച്ചുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നടന്നു കയറിയ വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. വെടിയുണ്ടയുടെയും തൂക്കുമരത്തിന്‍റെയും വാരിക്കുന്തത്തിന്‍റെയും രക്തമിറ്റുന്ന കഥകള്‍ ഏറെയാണ്.

വിഎസ് അച്യുതാനന്ദൻ
വിഎസ്: കനല്‍വഴികള്‍ കരുത്തേകിയ വിപ്ലവവീര്യം

പി. കൃഷ്ണപിള്ളയാണ് വിഎസിലെ കമ്യൂണിസ്റ്റിനെ കണ്ടെത്തിയത്. കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലായിരുന്നു ആദ്യ പ്രവര്‍ത്തനം. അവിടെ നിന്നാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് വിഎസ് നടന്നുകയറിയത്. പുന്നപ്ര -വയലാർ സമരത്തിൽ പങ്കെടുക്കവെ, അറസ്റ്റ് വാറണ്ടിനെ തുടർന്ന് ഒളിവിൽ പോയി. എങ്കിലും പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ അടച്ചു. ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടിവന്നു. നാലു വർഷത്തോളം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു.

1952ൽ വിഎസ് കമ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വിഎസ് 1956ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗമായി. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗമായി. 1964 മുതൽ 1970 വരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐഎം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴ് നേതാക്കളിൽ ഒരാളാണ് വിഎസ്.

വി എസ് അച്യുതാനന്ദൻ
വി എസ് അച്യുതാനന്ദൻSource; Facebook

1980 മുതൽ 1991 വരെ മൂന്ന് തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ, 23 വർഷം പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. കന്നി മത്സരത്തില്‍ ഉള്‍പ്പെടെ മൂന്ന് തവണ മാത്രമാണ് തോല്‍വിയറിഞ്ഞത്. 1992-1996, 2001-2006, 2011-2016 കാലങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു. 1985 മുതല്‍ 2009 ജൂലൈ വരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു വിഎസ്. 2016 മുതല്‍ 2021 വരെ സംസ്ഥാന കാബിനറ്റ് റാങ്കോടെ കേരളത്തിലെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ഇതിനിടെയൊന്നും ഒരു മന്ത്രിസ്ഥാനം വിഎസിന് ലഭിച്ചിരുന്നില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വിഎസ് തോൽക്കുകയോ, വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയോ ചെയ്യുന്നതായിരുന്നു സ്ഥിതി. അതിനൊരു മാറ്റം വന്നത് 2006ലായിരുന്നു. ഇടതുപക്ഷ ജയത്തിനൊപ്പം 2006 മെയ് 18ന് വിഎസ് കേരളത്തിന്റെ 11മത് മുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രായം 82 വയസും ഏഴ് മാസവും! കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും, ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിമാരിൽ ഒരാളുമായി വിഎസ്. 2011 തെരഞ്ഞെടുപ്പില്‍ വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ രാഷ്ട്രീയ കേരളം മറ്റൊരു പ്രതിഷേധം കൂടി കണ്ടു. ട്വിറ്ററിലും, ഫേസ്ബുക്കിലും, എസ്എംഎസുകളിലുമായി വിഎസിനായി മുറവിളി ഉയര്‍ന്നു. സിപിഐഎമ്മിന് തീരുമാനം മാറ്റേണ്ടിവന്നു. മലമ്പുഴയില്‍ മത്സരിച്ച വിഎസ് ജയിച്ചു, പക്ഷേ നാല് സീറ്റിന്റെ വ്യത്യാസത്തില്‍ തുടര്‍ ഭരണം നഷ്ടമായി.

കേരള രാഷ്ട്രീയം അച്യുതാനന്ദനൊപ്പം വളർന്നെന്നു പറഞ്ഞാൽപ്പോലും അതിശയിക്കാനില്ല. പാർട്ടിയുടെ മുഖം, പിന്നീട് ഭിന്നതകൾ, മാറ്റി നിർത്തലുകൾ വിമർശനങ്ങൾ. വിഎസിനായി പാർട്ടിയെ വെല്ലുവിളിച്ച് തെരുവിലിറങ്ങിയ ജനങ്ങൾ. കണ്ണേ കരളേ വിഎസ്സേ എന്നുറക്കെ വിളിച്ച് ജനം കേരള രാഷ്ട്രീയത്തിലെ എക്കാലത്തേയും ജനപ്രിയനായ നേതാവിനോടുള്ള സ്നേഹം അടയാളപ്പെടുത്തി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവ സാന്നിധ്യത്തിനും അവശതകളുടെ വാര്‍ദ്ധക്യത്തിലും ജനകീയനായ നേതാവെന്ന നിലയും തെരഞ്ഞെടുപ്പ് വിജയവും ഇന്ത്യയുടെ ഫിഡല്‍ കാസ്‌ട്രോ' എന്ന് വിശേഷണത്തിൽ വിഎസിനെ അടയാളപ്പെടുത്തി.

വിഎസ് അച്യുതാനന്ദൻ
നൂറ്റാണ്ടിൻ്റെ നായകന് വിട; കേരളത്തിൻ്റെ ചരിത്ര പുരുഷന്‍ യാത്രയായി

പ്രതിപക്ഷ നേതാവായിരിക്കെ ജനകീയ പ്രശ്നങ്ങളിലെല്ലാം വിഎസ് സജീവമായിരുന്നു. തങ്കമണി, കിളിരൂർ, കവിയൂർ, സൂര്യനെല്ലി, ഐസ് ക്രീം പാർലർ, സോളാർ തുടങ്ങിയ കേസുകളിലെ വിഎസിന്റെ നിലപാടുകള്‍ക്ക് രാഷ്ട്രീയം മറന്ന് കേരളം കൈയടിച്ചു. മൂന്നാറിലെ അനധികൃത നിർമാണങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചു. അതിന്റെ പേരിലുയര്‍ന്ന കലാപം പാര്‍ട്ടിയെ ഉലച്ചപ്പോഴും, കൂസാതെ നിന്നു. പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ ടി.പി. ചന്ദ്രശേഖരൻ വധത്തിൽ വിഎസ് സ്വീകരിച്ച നിലപാടും രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തു. അന്ന് ടിപിയുടെ വീട്ടിലെത്തിയാണ് വിഎസ് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമയെ ആശ്വസിപ്പിച്ചത്.

വി എസ് അച്യുതാനന്ദൻ
വി എസ് അച്യുതാനന്ദൻSource; Facebook

വിഎസ്-പിണറായി പോര് രൂക്ഷമായൊരു കാലവും കേരളത്തിലെ സിപിഎമ്മില്‍ ഉണ്ടായിരുന്നു. അതിന്റെപേരില്‍ 2007ല്‍ വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അപ്പോഴൊന്നും വിഎസിലെ സമരവീര്യം അണഞ്ഞിരുന്നില്ല. കൂടുതൽ കൃത്യതയോടെ അദ്ദേഹം തൻ്റെ നിലപാടുകളിൽ ഉറച്ചു നിന്നു. പരിസ്ഥിതി, സ്ത്രീ സുരക്ഷ, ഭൂപ്രശ്‌നം എന്നിവ രാഷ്ട്രീയ കേരളത്തിന്റെ മുദ്രാവാക്യമായി ഉയർത്തിയ വിഎസിനൊപ്പം കേരളവും ഉറച്ചുനിന്നു. പ്രായാധിക്യവും, ശാരീരിക അവശതകളെയും തുടര്‍ന്ന് 2020ലാണ് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിഎസ് പിന്‍വാങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com