
രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്ന ബംഗ്ലാദേശിൽ സംഘർഷം പുകയുന്നു. ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഓൺലൈനായി അവാമി ലീഗ് പ്രവർത്തകരെ അഭിസംബോധന ചെയ്തത് പുതിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നിലവിലെ സർക്കാരിനെ വിമർശിച്ച സിനിമാതാരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരിത്രം ഇതിന് മറുപടി പറയുമെന്ന് ഹസീനയും പ്രതികരിച്ചു.
ഫെബ്രുവരി ആറിന് ഷെയ്ഖ് ഹസീന പാർട്ടി പ്രവർത്തകരെ ഓൺലൈൻ വഴി അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമാണ് പുതിയ പ്രതിഷേധം സൃഷ്ടിച്ചത്. ഇടക്കാല സർക്കാരിനെതിരെ പ്രതിഷേധിക്കണം എന്നായിരുന്നു ഹസീനയുടെ ആഹ്വാനം. പ്രസംഗത്തിന് തൊട്ടുപിന്നാലെ ആയിരക്കണക്കിന് പേർ ധാക്കയിലെ ധാൻമോണ്ടിയിലേക്ക് ഒത്തുകൂടുകയും ബംഗ്ലാദേശ് സ്ഥാപക നേതാവായ ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ വീട് ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു.
ഇതിന് പിന്നാലെ ഹസീനയുടെയും അവാമിലീഗ് പ്രധാന നേതാക്കളുടേയും വീടുകൾ നശിപ്പിക്കപ്പെട്ടു. ഈ പ്രവൃത്തിയെ വിമർശിച്ചവരെ ധാക്ക മെട്രോപൊളിറ്റൻ പൊലീസ് ഡിറ്റക്ടീവ് വിഭാഗം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇടക്കാല സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പ്രമുഖ നടിയും ഫിലിം മേക്കറുമായ മെഹർ അഫ്രോസ് ഷോണിനെയടക്കം കസ്റ്റഡിയിലെടുത്തു.നടി സൊഹാന സാബയെയും കഴിഞ്ഞദിവസം രാത്രി പൊലീസ് കസ്റ്റഡിയിലെത്തു. സ്റ്റേറ്റിനെതിരെ ഗൂഢാലോചന നടത്തിയതിൽ ചോദ്യം ചെയ്യാനാണ് ഈ നടപടിയെന്നാണ് പൊലീസ് വാദം.
അതേസമയം ആയിരക്കണക്കിന് പേരുടെ ജീവൻ നൽകി നേടിയെടുത്ത സ്വാതന്ത്ര്യവും ദേശീയ പതാകയും ഭരണഘടനയും നശിപ്പിക്കാൻ അവർ ഇനിയും ശക്തി സംഭരിക്കേണ്ടതുണ്ടെന്നായിരുന്നു ഷെയ്ഖ് ഹസീനയുടെ പ്രതികരണം. കെട്ടിടം തകർക്കാനായേക്കാം. എന്നാൽ ചരിത്രം നശിപ്പിക്കാനാകില്ല. ചരിത്രം നീതി ചോദിക്കുമെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. സ്ഥാപക നേതാവ് ഷെയ്ഖ് മുജിബുർ റഹ്മാൻ്റെ വീട് ആക്രമിക്കപ്പെട്ടത് ഭരണകൂടം അപലപിച്ചെങ്കിലും ഷെയ്ഖ് ഹസീനയുടെ പ്രസംഗത്തോടുള്ള സ്വാഭാവിക പ്രതികരണമാണ് പ്രതിഷേധമെന്നായിരുന്നു സർക്കാരിൻ്റെ ന്യായീകരണം.
കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് സ്ഥാപക നേതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ധാക്കയിലെ വസതി പ്രതിഷേധക്കാർ ആക്രമിച്ച് തീയിട്ടത്. മുജിബുർ റഹ്മാന്റെ മകളും രാജിവെച്ച ശേഷം നാട് വിട്ട മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ ഓൺലൈൻ അഭിസംബോധനയ്ക്കിടെയായിരുന്നു ആക്രമണങ്ങള്‍. ധാക്കയിലെ ധൻമോണ്ടിയിലുള്ള വസിതിയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാർ പാഞ്ഞടുത്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഹസീനയുടെ ഓൺലൈൻ പ്രസംഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ 'ബുൾഡോസർ റാലി' നടത്താൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തിരുന്നു. അവാമി ലീഗിൻ്റെ വിദ്യാർഥി വിഭാഗമായ ഛാത്ര ലീഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗത്തിലാണ് ഹസീന, നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്.
ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ പണയപ്പെടുത്തി നമ്മൾ നേടിയെടുത്ത ദേശീയ പതാക, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാൻ അവർക്ക് ശക്തിയില്ലെന്നായിരുന്നു നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നിലവിലുള്ള ഭരണകൂടത്തെ പരാമർശിച്ചുകൊണ്ട് ഹസീന പറഞ്ഞത്. ഇതിനു പിന്നാലെയാണ് അവാമി ലീഗ് നേതാക്കൾക്കും മുജിബുർ റഹ്മാന്റെ പ്രതിമകൾക്കും നേരെ പ്രതിഷേധക്കാർ ആക്രമണം ആരംഭിച്ചത്. വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനമാണ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ഇടക്കാല സർക്കാർ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത്.