മാഞ്ഞുപോകാത്ത മലയാളത്തിന്‍റെ പാട്ടോർമ; പി. ജയചന്ദ്രനെ അനുസ്മരിച്ച് രാഷ്ട്രീയ നേതൃത്വം

ആധുനിക കേരളത്തിൻ്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ മനോഹര ഗാനങ്ങൾ....
മാഞ്ഞുപോകാത്ത മലയാളത്തിന്‍റെ പാട്ടോർമ; പി. ജയചന്ദ്രനെ അനുസ്മരിച്ച് രാഷ്ട്രീയ നേതൃത്വം
Published on

മലയാള ഭാവുകത്വത്തിന് ആറ് പതിറ്റാണ്ടോളം ഭാവം പകർന്ന അനശ്വര ഗായകന്‍ പി. ജയചന്ദ്രന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി വിവിധ രാഷ്ട്രീയ നേതാക്കള്‍. പ്രണയവും വിരഹവുമെല്ലാം ഭാവപൂർണമായ ശബ്ദത്താൽ അദ്ദേഹം അനശ്വരമാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുസ്മരിച്ചു. പെരുമാറ്റത്തിലും സംഭാഷണത്തിലും  തെളിമയുള്ള മികച്ച മനുഷ്യസ്നേഹി കൂടിയായിരുന്നു ജയചന്ദ്രനെന്ന് മന്ത്രി എം.ബി. രാജേഷ് ഓർത്തു. ഭാഷാ അതിര്‍ത്തികള്‍ ഭേദിച്ച് സംഗീതാസ്വാദകരുടെ മനസ്സും ഹൃദയവും കവര്‍ന്ന സ്വരമാധുര്യമായിരുന്നു പി.ജയചന്ദ്രന്റേത് എന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും അനുസ്മരിച്ചു. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ


മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

പ്രണയവും വിരഹവുമെല്ലാം ഭാവപൂർണമായ ശബ്ദത്താൽ അദ്ദേഹം അനശ്വരമാക്കി. സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ അർഹതയ്ക്കുള്ള അംഗീകാരമായി പലകുറി അദ്ദേഹത്തെ തേടിയെത്തി.
അനുരാഗ ഗാനം പോലെയും മഞ്ഞലയിൽ മുങ്ങി തോർത്തിയും അദ്ദേഹത്തിന്റെ പാട്ടുകൾ ഇനിയും തലമുറകൾ ഏറ്റുപാടും. മാഞ്ഞുപോകാത്തൊരു പാട്ടോർമയായി ഭാവഗായകൻ എക്കാലവും സംഗീതാരാധകരുടെ മനസിൽ നിറയും. അദ്ദേഹത്തിന്റെ ഓർമകൾക്കും ഭാവസാന്ദ്രമായ പാട്ടുകൾക്കും മരണമില്ല.


പി ജയചന്ദ്രന്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

മന്ത്രി എം.ബി. രാജേഷ്

ഭാവഗായകൻ ജയചന്ദ്രൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആധുനിക കേരളത്തിൻ്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ മനോഹര ഗാനങ്ങൾ. മലയാള ചലച്ചിത്ര ഗാന ശാഖയുടെ വസന്തകാലത്ത് ഏറ്റവും മികച്ച ഗാനങ്ങൾ പാടാൻ അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചു. അതിലൂടെ മലയാളികളുടെയാകെ ആദരവ് നേ
ടാനും കഴിഞ്ഞു.

വളരെ തെളിമയുള്ള ആലാപനം ആയിരുന്നു അദ്ദേഹത്തിൻ്റേതെന്ന് തോന്നിയിട്ടുണ്ട്. അതിനാൽ നേരിട്ട് ആസ്വാദകരുടെ ഹൃദയത്തെ സ്പർശിക്കാൻ ആ ഗാനങ്ങൾക്ക് കഴിഞ്ഞു. സിനിമയിലെ ഗാനരംഗം ആഗ്രഹിക്കുന്ന വികാരങ്ങളും ഭാവവും അതേപോലെ പാട്ടിലൂടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതിനാലാണ് അദ്ദേഹത്തെ ഭാവഗായകനായി മലയാളികൾ വിശേഷിപ്പിക്കുന്നത് എന്ന് കരുതുന്നു. പെരുമാറ്റത്തിലും സംഭാഷണത്തിലും അതേ തെളിമയുള്ള മികച്ച മനുഷ്യസ്നേഹി കൂടിയായിരുന്നു ജയചന്ദ്രൻ.


മഞ്ഞലയിൽ മുങ്ങിത്തോർത്തി, മധുചന്ദ്രികയുടെ ചായ തളികയിൽ, അനുരാഗഗാനം പോലെ, നിൻ മണിയറയിലെ നിർമ്മലശയ്യയിലെ, കരിമുകിൽ കാട്ടിലെ, നീലഗിരിയുടെ സഖികളേ, തിരുവാഭരണം ചാർത്തി വിടർന്നു തുടങ്ങി എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹം മലയാളികൾക്കായി പാടിയത്. ഒരു ഇടവേളയ്ക്കു ശേഷം പ്രായത്തിന്റെ അടയാളങ്ങൾ ഒന്നും തോന്നിപ്പിക്കാതെ അദ്ദേഹം പാടിയ "പ്രായം നമ്മിൽ മോഹം നൽകി" എന്ന ഗാനം യുവതലമുറ ആകെ ഏറ്റെടുത്തതാണ്. രാസാത്തി ഉന്നൈ കാണാമെ നെഞ്ച് തമിഴ് ആസ്വാദകരെ മാത്രമല്ല, മലയാളി ആസ്വാദകരെയും ഒരേ പോലെ ആകർഷിച്ചതാണ്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ പാടി. മലയാള ലളിതഗാന ശാഖയിലും മികവ് പ്രകടിപ്പിച്ചു. "ജയദേവ കവിയുടെ ഗീതികൾ കേ
ട്ടെൻ്റെ രാധേ ഉറക്കമായോ" എന്ന ഗാനം ഇന്നും മലയാളികൾ ആവർത്തിച്ചു കേൾക്കുന്നു.

മികച്ച പിന്നണിഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നിരവധി തവണ സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹത്തിന് സംസ്ഥാന സർക്കാർ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്കാരമായ ജെ. സി. ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.


പാലക്കാട് ഒരു സുഹൃത്ത് വഴിയാണ് അദ്ദേഹത്തെ ആദ്യം പരിചയപ്പെട്ടത്. നല്ല സൗഹൃദ ബന്ധമായി അത് വളർന്നു. മലയാള സിനിമയുടെ വളർച്ചയ്ക്ക് ഒരു പുരുഷായുസ്സ് കൊണ്ട് മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഉന്നതനായ കലാകാരനെയാണ് കേരളത്തിന് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും ലക്ഷക്കണക്കായ ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കെ.സുധാകരന്‍ എംപി

സിനിമാഗാനങ്ങളിലൂടെയും ലളിതഗാനങ്ങളിലൂടെയും മലയാളഗാനശാഖയ്ക്ക് വസന്തം തീര്‍ത്ത കലാകാരനായിരുന്നു അദ്ദേഹം. ഭാഷാ അതിര്‍ത്തികള്‍ ഭേദിച്ച് സംഗീതാസ്വാദകരുടെ മനസ്സും ഹൃദയവും കവര്‍ന്ന സ്വരമാധുര്യമായിരുന്നു പി.ജയചന്ദ്രന്റേത്. അനശ്വരഗാനങ്ങളിലൂടെ അദ്ദേഹം മരണമില്ലാതെ ഇനിയും ജീവിക്കും. പി.ജയചന്ദ്രന്റെ വിയോഗം ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.


കെ.സി. വേണുഗോപാല്‍ എംപി

മലയാളികളുടെ മനസ്സിനെ സ്പര്‍ശിച്ച നിത്യഹരിത ശബ്ദയമായിരുന്നു പി.ജയചന്ദ്രന്റെത്. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ പി.ജയചന്ദ്രന്‍ മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു. പ്രായം 80 കഴിഞ്ഞെങ്കിലും പി ജയചന്ദ്രന്റെ നിത്യഹരിതശബ്ദത്തെ കാലത്തിന് പോലും സ്പര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാട്ടിലും ജീവിതത്തിലും നിറഞ്ഞുതുളുമ്പുന്ന കേരളീയതയായിരുന്നു പി ജയചന്ദ്രന്‍.ആ പാട്ടുകളോടും ശബ്ദത്തോടുമുള്ള സ്‌നേഹവും ഇഷ്ടവുമൊക്കെ പിന്നീട് നേരിട്ടുള്ള പരിചയപ്പെടലിന് കാരണമായി. ഒരുമിച്ച് ഒരേ വേദികളില്‍, ഏറെനാള്‍ കാണാതിരിക്കുമ്പോള്‍ ഫോണിലൂടെ പരിചയം പുതുക്കിക്കൊണ്ടേയിരുന്നു. അവസാന നാളുകളില്‍ ആരോഗ്യസ്ഥിതി മോശമായതറിഞ്ഞപ്പോള്‍ നിരന്തരം അന്വേഷിച്ചിരുന്നു. തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.ഒരനുരാഗഗാനം പോലെ ഇപ്പോഴുമുണ്ട് കാതുകളില്‍ ആ ശബ്ദമെന്നും അത് മരണമില്ലാതെ ഇനിയും തുടരുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

വി.എസ്. സുനില്‍കുമാർ

പി. ജയചന്ദ്രന്‍റെ ശബ്ദത്തിനും അദ്ദേഹത്തിന്റെ പാട്ടിനും വ്യത്യസ്തമായ ഒരു ആരാധക നിര തന്നെയുണ്ടായിരുന്നു. അതിനു കാരണം അദ്ദേഹത്തിന്റെ ​ഗാനം കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വികാരമാണ്. ഒരു പാട്ടുകാരനെന്ന നിലയിൽ അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യം അദ്ദേഹം ശാസ്ത്രീയ സം​ഗീതം പഠിച്ച ആളല്ലെന്നാണ്. ശാസ്ത്രീയ സം​ഗീതം പഠിക്കാത്ത ജയചന്ദ്രൻ മലയാളിയുടെ പ്രിയപ്പെട്ട ​ഗായകനായി മാറിയത് അദ്ദേഹത്തിന്റെ ജന്മസിദ്ധമായ കഴിവുകൾകൊണ്ടാണ്. അദ്ദേഹവുമായി അവസാനകാലം വരെ വ്യക്തിപരമായ സ്നേഹബന്ധം സൂക്ഷിച്ചിരുന്നു. 2022ൽ സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി ഒരു കാസറ്റ് ഇറക്കിയപ്പോൾ അതിൽ അന്തിക്കാട് രക്തസാക്ഷികളെപ്പറ്റി ഒരു ​ഗാനം പാടാൻ അദ്ദേഹം തയ്യാറായി എന്നത് മറക്കാൻ സാധിക്കില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനത്തിന് വേണ്ടി ആദ്യമായും അവസാനമായും പാടുന്ന പാട്ടായിരിക്കും അതെന്ന് അദ്ദേഹം അന്ന് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com