
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു. വയനാട്ടിൽ 64. 54% വും, ചേലക്കരയിൽ 72. 54%വും പോളിങ്ങ് രേഖപ്പെടുത്തി. വീറും വാശിയും നിറഞ്ഞ 27 ദിവസത്തെ പ്രചരണം പൂര്‍ത്തിയാക്കിയാണ് ഇന്ന് രണ്ടു മണ്ഡലങ്ങളിലും ജനവിധി രേഖപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഇരു മണ്ഡലങ്ങളിലേയും പോളിങ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്.
വൻ വിജയം കാത്ത് നിൽക്കുന്നുണ്ട് എന്ന് പ്രതീക്ഷിക്കുന്നതായി കെ സുധാകരൻ പ്രതികരിച്ചു. പിണറായി ഭരണത്തെ ശപിച്ച് കൊണ്ടാണ് ഇടത്പക്ഷ പ്രവർത്തകർ വരെ ഉള്ളതെന്നും, ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തറപറ്റുമെന്നും സുധാകരൻ പറഞ്ഞു. ചേലക്കര ചേർത്തുനിർത്തുമെന്നും,ഇക്കുറി വിജയം ഉറപ്പാണെന്നും യുഡിഎഫ് സ്ഥാനർഥി രമ്യാ ഹരിദാസ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപും ശേഷവും എണ്ണയിട്ട് യന്ത്രം പോലെ പ്രവർത്തകർ പ്രവർത്തിച്ചു. അതിൻറെ ഫലം വോട്ടായി മാറുമെന്നും രമ്യ കൂട്ടിച്ചേർത്തു.
മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ബൂത്തിൽ കള്ളവോട്ട് നടന്നതായി റിപ്പോർട്ട് പുറത്തുവന്നു. നബീസ അബൂബക്കർ എന്നയാളുടെ വോട്ടാണ് മറ്റൊരാൾ മാറി ചെയ്തത്. 168 ആം നമ്പർ ബൂത്തിൽ ഇവർ വോട്ട് ചെയ്യാൻ അഞ്ചുമണിയോടെ എത്തിയെങ്കിലും മറ്റൊരാൾ വോട്ട് ചെയ്തു എന്ന വിവരമറിഞ്ഞതോടെ മടങ്ങുകയായിരുന്നു.
ചേലക്കരയിലെ സ്ഥാനാർഥികളായ യു.ആർ. പ്രദീപ്, കെ. ബാലകൃഷ്ണൻ എന്നിവർ രാവിലെ 7 മണിയോടെ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. വിവിധ പോളിങ് ബൂത്തുകൾക്ക് മുന്നിൽ നിന്നും ആവേശകരമായ പ്രതികരണമാണ് വോട്ടർമാരിൽ നിന്നും ലഭിക്കുന്നത്. അതേസമയം ഇ.പി. വാർത്തയോട് പ്രതികരിക്കാനില്ലെന്നും വാർത്തയുടെ വിശദാംശങ്ങൾ അറിഞ്ഞിട്ടില്ലെന്നും ഇടതു സ്ഥാനാർഥി യു.ആർ. പ്രദീപ് പ്രതികരിച്ചു.
അതേസമയം, രാവിലെ കോഴിക്കോട് കൂടരഞ്ഞിയിൽ വോട്ടിങ് മെഷീൻ തകരാറിലായത് പോളിങിനെ തടസപ്പെടുത്തിയിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് എൽപി സ്കൂളിലെ ബൂത്ത് 86ലാണ് പ്രശ്നം നേരിട്ടത്. പുതിയ മെഷീനെത്തിച്ച് 8 മണിയോടെ ഇവിടെ പോളിങ് പുനരാരംഭിച്ചു. കോഴിക്കോട് പുതുപ്പാടി സ്കൂളിലെ 26ാം നമ്പർ ബൂത്തിലും വി വി പാറ്റ് മെഷീൻ കേടായത് റിപ്പോർട്ട് ചെയ്തിരുന്നു. പോളിങ് പുതിയ വി വി പാറ്റ് മിഷീൻ കൊണ്ടുവന്ന ശേഷം പുനരാരംഭിച്ചു. ചേലക്കരയിലെ 116ാം നമ്പർ ബൂത്തിലും വോട്ടിങ് മെഷീനിലെ പ്രശ്നങ്ങൾ കാരണം പോളിങ് വൈകിയാണ് തുടങ്ങിയത്.
വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും, 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തിയിരുന്നു.എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് മണ്ഡലത്തിലെ വിവിധയിടങ്ങില്‍ ഒരുക്കിയിരിക്കുന്നത്. എന്‍.സി.സി, എസ്.പി.സി തുടങ്ങി 2,700 അധിക പൊലീസ് സേനയെ മണ്ഡലത്തിൽ വിന്യസിച്ചിരുന്നു.
ജനങ്ങളോട് സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്‌തത്. ജനവിധി എന്തായിരിക്കുമെന്നറിയാൻ നവംബർ 23 വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.