ഡൽഹിയിൽ ജിആ‍ർഎപി മൂന്ന് നിയന്ത്രണങ്ങൾ; സ്കൂളുകൾ ഓൺലൈനായി മാറും

മുഖ്യമന്ത്രി അതിഷി മ‍ർലേനയാണ് സംസ്ഥാനത്തെ പ്രൈമറി സ്കുളുകളിലെ ക്ലാസുകൾ ഓൺലൈനാക്കുമെന്ന് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്
ഡൽഹിയിൽ ജിആ‍ർഎപി മൂന്ന് നിയന്ത്രണങ്ങൾ; സ്കൂളുകൾ ഓൺലൈനായി മാറും
Published on

രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായ വായുമലിനീകരണം തുടരുന്നതിനാൽ ജിആ‍ർഎപി മൂന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറും. മുഖ്യമന്ത്രി അതിഷി മ‍ർലേനയാണ് സംസ്ഥാനത്തെ പ്രൈമറി സ്കുളുകളിലെ ക്ലാസുകൾ ഓൺലൈനാക്കുമെന്ന് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈനായി തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ കഴിഞ്ഞ ദിവസമാണ് ജിആർഎപി (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) മൂന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. വായു ഗുണനിലവാരം തീവ്രം (എക്യുഐ 401- 450) എന്ന നിലയിലേക്ക് എത്തുമ്പോഴാണ് ജിആർഎപി മൂന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്. വായു ഗുണനിലവാര സൂചികയിൽ ഡൽഹിയുടെ ഗുണനിലവാരം 428 എന്ന അപകടകരമായ അളവിലേക്ക് ഉയർന്നതാണ് കഴിഞ്ഞ ദിവസം ജിആർഎപി നിയന്ത്രണത്തിലേക്ക് നയിച്ചത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന അളവാണിത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോ‍ർഡിൻ്റെ സമീ‍ർ ആപ്പ് അനുസരിച്ച് ജഹാം​ഗീ‍‍ർപുരി (എക്യുഐ 458), ബവാന (455), രോഹിണി (452), പഞ്ചാബി ബാ​ഗ് (443) എന്നിവിടങ്ങളാണ് ഇന്ന് മലിനീകരണ തോത് കൂടുതലുള്ള പ്രദേശങ്ങൾ. പുകമഞ്ഞ് മൂടിയത് കാരണം വ്യക്തതമായി കാണാൻ സാധിക്കാത്തത് ഇന്ത്യയിലുടനീളമുള്ള വിമാന, റെയിൽവേ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. അമൃത്സറിലേക്കും തിരിച്ചുമുള്ള ഇൻഡിഗോയുടെ നിരവധി വിമാനങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഡൽഹി, ദർബംഗ എന്നിവിടങ്ങളിലേക്കുള്ള പല സ്‌പൈസ്‌ജെറ്റ് വിമാനങ്ങളും വൈകിയാണ് ഓടുന്നത്.

ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി മാറരുതെന്നാണ് ദേശീയ തലത്തിൽ മലിനീകരണം തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി കഴിഞ്ഞ ദിവസം വിഷയത്തെക്കുറിച്ച് പറഞ്ഞത്. നവംബർ 11ന് നടന്ന മുൻ വിചാരണയിൽ, ദീപാവലി ആഘോഷത്തിലെ പടക്ക നിരോധന ഉത്തരവിൻ്റെ ലംഘനം ഗൗരവമായി എടുത്ത സുപ്രീം കോടതി, മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവർത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് നിരീക്ഷിച്ചിരുന്നു. മലിനീകരണമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം ഓരോ പൗരൻ്റെയും മൗലികാവകാശമാണെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇത് നിർദേശിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com