പെരിയാറിലെ മലിനീകരണം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ഏലൂരിൽ എന്ത്കൊണ്ട് ആരോഗ്യ സർവേ നടത്തുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
Published on

പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട് സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. എറണാകുളം ജില്ലയിലെ ഏലൂരിൽ എന്തുകൊണ്ട് ആരോഗ്യ സർവേ നടത്തുന്നില്ലെന്ന് കോടതി ചോദിച്ചു. പ്രദേശത്ത് സർവേ നടത്തുന്ന കാര്യവുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിന് കോടതി നിർദേശം നൽകി.

ഏലൂരിൽ അവസാനമായി സർക്കാർ ആരോഗ്യ സർവേ നടത്തിയത് 2008ലായിരുന്നു. പ്രദേശത്ത് മലിനീകരണം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ആരോഗ്യ സർവേ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ഒപ്പം പെരിയാർ തീരത്ത് പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനും കോടതി നിർദേശം നൽകി. പ്രവർത്തിക്കാൻ എൻഒസി നൽകിയ സ്ഥാപനങ്ങളുടെ പട്ടികയും കൈമാറണമെന്ന് കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുൺ എന്നിവരടങ്ങുന്ന ബെഞ്ച് പെരിയാറിലെ മലിനീകരണ പ്രശ്നത്തിൽ പരിശോധന നടത്താൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. പെരിയാർ തീരത്തെ വ്യവസായ സ്ഥാപനങ്ങളിലും പരിശോധന നടത്തണമെന്ന് കോടതി നിർദേശം നൽകി. പെരിയാറിൽ പാതാളം ബണ്ടിൻ്റെ മുകൾ ഭാഗത്താണ് മലിനീകരണം ഉണ്ടാക്കുന്ന കമ്പനികൾ കൂടുതലും എന്നാണ് ഹർജിക്കാരുടെ വാദം. ഈ ഭാഗത്തും കർശന പരിശോധന നടത്തണമെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ മാസം 20നാണ് പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് കുഫോസ് നടത്തിയ പ്രാഥമിക പരിശോധനയിൽ അന്ന് തന്നെ വ്യക്തമായിരുന്നു. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട് പ്രകാരം ജലത്തിലെ ഓക്സിജൻ അളവിലെ വ്യതിയാനമാണ് കാരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com