
യുപിഎസ്‌സി പരീക്ഷയില്‍ വ്യാജ അവകാശവാദങ്ങള്‍ നടത്തിയതിനും, അധികാര ദുര്‍വിനിയോഗത്തിന്‍റേയും പേരില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ, പൂജ ഖേഡ്ക്കര്‍ ഐഎഎസിന് എതിരെ പുതിയ വിവാദങ്ങള്‍ ഉയരുന്നു. പൂജയുടെ അമ്മ മനോരമ ഖേഡ്ക്കര്‍ തോക്കുമായി ആളുകളെ ഭയപ്പെടുത്തുന്ന പഴയൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കൂടുതൽ വിവാദങ്ങൾ കത്തിപ്പടരുന്നത്. വീഡിയോ പ്രചരിച്ചതോടെ മനോരമ ഖേഡ്ക്കര്‍ക്കെതിരെ പൂനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുല്‍ഷിയില്‍ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്കിടെ മനോരമ ഖേഡ്ക്കര്‍ തോക്കെടുത്ത് പ്രദേശത്തെ കര്‍ഷകരെ ഭയപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വീഡിയോയില്‍ മനോരമ തോക്ക് ചൂണ്ടി ഒരു കര്‍ഷകനോട് ഭൂമിയുടെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ക്യാമറ കണ്ടതും മനോരമ തോക്ക് മറയ്ക്കുന്നുണ്ട്.
വീഡിയോയുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പൂനെ പൊലീസ് കേസ് ഫയല്‍ ചെയ്തത്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഇതെന്നും പരാതിക്കാരെ തിരിച്ചറിഞ്ഞു നിജസ്ഥിതി മനസ്സിലാക്കിയിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. യുപിഎസ്‌സി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തിൽ 841ാം റാങ്ക് നേടിയ, 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേഡ്ക്കര്‍.
അധികാര ദുര്‍വിനിയോഗത്തിന് പുറമെ സര്‍വീസില്‍ സ്ഥാനം ലഭിക്കാന്‍ അംഗപരിമിതിയുണ്ടെന്നും ഒബിസിയാണെന്നും കാട്ടി ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്തെന്ന ആരോപണമാണ് പൂജയ്‌ക്കെതിരെയുള്ളത്. പരാതിയില്‍ അന്വേഷണത്തിന് ഏകാംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് പൂജ കൈമാറിയ സത്യവാങ്മൂലവും രേഖകളും അന്വേഷണ സംഘം പരിശോധിക്കും.