സിദ്ധാർഥൻ്റെ മരണം: പ്രതികളായ വിദ്യാർഥികൾക്ക് പഠനം തുടരാമെന്ന ഉത്തരവിന് സ്റ്റേ

സിദ്ധാർഥന്റെ മരണത്തെ തുടർന്ന് യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്
സിദ്ധാർഥൻ്റെ മരണം: പ്രതികളായ വിദ്യാർഥികൾക്ക് പഠനം തുടരാമെന്ന ഉത്തരവിന് സ്റ്റേ
Published on: 
Updated on: 

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാര്‍ഥികളെ കാമ്പസില്‍ പ്രവേശിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ. ജെ.എസ്. സിദ്ധാർഥന്റെ മരണത്തെ തുടർന്ന് യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. സിദ്ധാര്‍ഥന്റെ അമ്മ എം.ആര്‍. ഷീബ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ആന്റി റാഗിങ് കമ്മിറ്റി വിചാരണയ്ക്ക് ശേഷം മൂന്ന് വർഷത്തേക്ക് പുറത്താക്കിയ പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥികൾക്ക് മണ്ണുത്തി കോളേജിൽ കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ആഴ്ച പ്രവേശനം നൽകിയിരുന്നു. ഇതിനെതിരെ സിദ്ധാർഥന്റെ മാതാപിതാക്കൾ ഡിവിഷൻ ബെഞ്ചിനു അപ്പീൽ നൽകുകയായിരുന്നു.

പൂക്കോട് വെറ്ററിനറി സ‍ർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ 2024 ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥനെ സീനിയർ വിദ്യാർഥികളും സഹപാഠികളും ക്രൂരമായി മർദ്ദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ക്യാമ്പസിൽ വെച്ച് സിദ്ധാർഥനെ ക്രൂരമായി ആക്രമിച്ചതായി അന്‍റി റാഗിങ് സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് 19 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഈ വിദ്യാർഥികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഹോസ്റ്റലിൽ ദിവസങ്ങളോളം സിദ്ധാർഥൻ പീഡിപ്പിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

News Malayalam 24x7
newsmalayalam.com