അർജൻ്റീനയില്‍ പട്ടാള ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ വികാരി; പുരോഗമന വഴികളില്‍ സഞ്ചരിച്ച മാർപാപ്പ

മാർപാപ്പയ്ക്ക് എത്രമാത്രം സ്വതന്ത്രനാകാം? ഇനി അത് ഫ്രാൻസിസ് മാർപാപ്പയോളം എന്ന് വിശദീകരിക്കപ്പെടും. സഭയുടെ കെട്ടുറപ്പ് ഉലയ്ക്കാതെ തന്നെ അദ്ദേഹം വത്തിക്കാൻ ചത്വരത്തിൽ നവലോക ആശയങ്ങൾക്കായി ജാലകങ്ങൾ തുറന്നു
അർജൻ്റീനയില്‍ പട്ടാള ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ വികാരി; പുരോഗമന വഴികളില്‍ സഞ്ചരിച്ച മാർപാപ്പ
Published on

പാരമ്പര്യത്തിന്‍റെ വഴിത്താരകളിൽ നിന്ന് മാറിയുള്ള അജപാലനമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. അർജന്‍റീനയിൽ പട്ടാളഭരണകൂടത്തിന്‍റെ നോട്ടപ്പുള്ളിയായ വികാരി പിന്നീട് മാർപാപ്പ ആയപ്പോഴും പുരോഗമന വഴികൾ തെരഞ്ഞെടുത്തു. സ്വവർഗ വിവാഹം പോലുള്ള വിഷയങ്ങളിൽ പക്ഷേ, പരമ്പരാഗത നിലപാടുകൾ തുടരുകയും ചെയ്തു.

2013ൽ ആഗോള കത്തോലിക്കരുടെ എണ്ണം 125 കോടി. 2025ൽ 137 കോടി. പന്ത്രണ്ട് വർഷം കൊണ്ട് ലോകത്തെ ജനസംഖ്യാ വർദ്ധനയുടെ നിരക്കിനെ മറികടന്നാണ് കത്തോലിക്ക സഭ വളർന്നത്. സ്നേഹവും കരുണയും കൊണ്ട് വാതായനങ്ങൾ തുറന്നിടുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്നതിന്, ഇതിനപ്പുറം ഒരു അടയാളക്കണക്കില്ല.

മാർപാപ്പയ്ക്ക് എത്രമാത്രം സ്വതന്ത്രനാകാം? ഇനി അത് ഫ്രാൻസിസ് മാർപാപ്പയോളം എന്ന് വിശദീകരിക്കപ്പെടും. സഭയുടെ കെട്ടുറപ്പ് ഉലയ്ക്കാതെ തന്നെ വത്തിക്കാൻ ചത്വരത്തിൽ നവലോക ആശയങ്ങൾക്കായി ജാലകങ്ങൾ തുറന്നു. അവിടെ നിന്ന് ഓരോ മാർപാപ്പ ദർശനത്തിലും സഭ അതുവരെ കേൾക്കാത്ത നയങ്ങൾ ചിറകടിച്ചു. കുറ്റങ്ങൾ ഏറ്റുപറയുക, പശ്ചാത്തപിക്കുക, മാപ്പിരക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്ന സഭാനാഥൻ ചരിത്രത്തിലാദ്യമായിരുന്നു. മാപ്പിരക്കലൊക്കെ സ്വന്തം തെറ്റുകൾക്കായിരുന്നില്ല, നൂറ്റാണ്ടുകൾക്ക് മുൻപ് സഭയുടെ പേരിൽ ആരൊക്കെയോ ചെയ്ത കുറ്റങ്ങൾക്കായിരുന്നു.

ലോകമെങ്ങുമുള്ള കത്തോലിക്ക സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ 12 വർഷം കൊണ്ട് 7.3 ശതമാനമാണ് വളർന്നത്. പീഡനത്തിന്‍റെ കേന്ദ്രങ്ങളെന്ന് പഴിക്കപ്പെട്ട ബോർഡിങ്ങുകളും സ്നേഹത്തിന്‍റെ അരങ്ങുകളായത് ഇക്കാലത്താണ്. ലോകമെങ്ങും സഭകൾ നേരിടുന്ന പ്രശ്നം പുരോഹിതരുടെ എണ്ണം കുറയുന്നതാണ്. എന്നാൽ കത്തോലിക്ക സഭയിൽ കഴിഞ്ഞ 12 വർഷവും എണ്ണം കൂടുകയായിരുന്നു.

അഴിമതികളിലും കുംഭകോണങ്ങളിലും മുങ്ങിനിന്ന വത്തിക്കാൻ ഭരണസമിതി അഴിച്ചു പണിതതാണ് ഫ്രാൻസിസ് മാർപാപ്പ നടപ്പാക്കിയ ആദ്യ ദൗത്യം. പിന്നെ മാർപാപ്പയെ ഉപദേശിക്കാനായി എട്ട് കർദിനാൾമാരുടെ സമിതി ഉണ്ടാക്കി. ഇതും ചരിത്രത്തിൽ ആദ്യമായിരുന്നു. മാർപാപ്പമാരുടെ ആദ്യ സന്ദർശനം ഇറ്റലിയിലേക്കാണ് പതിവ്. അതു തെറ്റിച്ച് ടുണീഷ്യക്ക് അടുത്തുള്ള ലാംപെഡൂസ ദ്വീപിലേക്കാണ് ഫ്രാൻസിസ് പാപ്പ പോയത്. മറുകര കാണാകെ കഷ്ടപ്പെടുന്ന ആയിരങ്ങളെ സാക്ഷി നിർത്തി ആഗോളവൽക്കരണത്തിന്‍റെ ദൂഷ്യങ്ങളാണ് അവിടെ മാർപാപ്പ പറഞ്ഞത്.

മറ്റ് മതങ്ങളുമായി, പ്രത്യേകിച്ച് ഇസ്ലാമുമായി ചർച്ചകൾക്കു തുടക്കമിട്ട മാർപാപ്പ എന്ന നിലയിലാകും ഇനിയുള്ള കാലം ഫ്രാൻസിസ് മാർപാപ്പ അറിയപ്പെടുക. പരിസ്ഥിതിക്ക് വേണ്ടി ഒരു സഭാനാഥൻ സംസാരിക്കുന്നതും ചരിത്രത്തിലാദ്യമായി ലോകം കേട്ടത് ഫ്രാൻസിസ് മാർപാപ്പയിലൂടെയാണ്. നശിപ്പിക്കപ്പെട്ട പരിസ്ഥിതിയെ സാത്താന്‍റെ വിസർജ്യം എന്നാണ് മാർപാപ്പ വിളിച്ചത്.

സ്വവർഗ വിവാഹത്തിൽ, വിവാഹ മോചനത്തിൽ, പുനർവിവാഹത്തിൽ. ഇവയിലെല്ലാം സഭയുടെ പഴയ നിലപാട് തന്നെയാണ് മാർപാപ്പ തുടർന്നത്. എങ്കിലും അമേരിക്കയുടെ മെക്സിക്കൻ അതിർത്തിയിൽ വച്ച് അന്നത്തെ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനോടു പറഞ്ഞ വാചകങ്ങൾ ലോകമുള്ളിടത്തോളം മുഴങ്ങി നിൽക്കും. കുടിയേറ്റക്കാർ വരാതിരിക്കാൻ വലിയ മതിൽ കെട്ടുമെന്നാണ് ട്രംപ് അവിടെ പറഞ്ഞത്. ഫ്രാൻസിസ് മാർപ്പാപ്പ അപ്പോൾ പറഞ്ഞു: കടന്നുവരാൻ പാലം നിർമിക്കാതെ, അടച്ചിടാൻ മതിൽ കെട്ടുന്നവർ ഒരിക്കലും ക്രിസ്ത്യാനിയല്ല. മറ്റൊരു മാർപാപ്പയും അമേരിക്കയുടെ ഭരണാധികാരിയ ഒറ്റ വാചകം കൊണ്ട് ഇത്ര നിശിതമായി തള്ളിപ്പറഞ്ഞിട്ടില്ല. അതിനു കഴിയുമായിരുന്ന ഒരാളായിരുന്നു ഇതുവരെ വത്തിക്കാനെ നയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com