മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; നിലവിൽ ശ്വസന പ്രശ്നങ്ങളില്ലെന്നും വത്തിക്കാൻ

ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു
മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; നിലവിൽ ശ്വസന പ്രശ്നങ്ങളില്ലെന്നും വത്തിക്കാൻ
Published on

ചികിത്സയിൽ തുടരുന്ന മാർപാപ്പയുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടതായി വത്തിക്കാൻ. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉണ്ടായില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായമില്ലാതെയും മാർപാപ്പ ഏറെ നേരം ശ്വസിച്ചെന്നും ജെമെയ്‌ലി ആശുപത്രി അധികതൃതർ അറിയിച്ചു. ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു.

കഴിഞ്ഞ ദിവസം വത്തിക്കാൻ മാർപാപ്പയുടെ ആരോഗ്യനിലയിൽ വീണ്ടും ആശങ്ക അറിയിച്ചിരുന്നു. ചുമയ്ക്കുന്നതിനിടെ ഛർദ്ദി ശ്വാസകോശത്തില്‍ പ്രവേശിച്ചതായും ഇത് നീക്കം ചെയ്തതായും വത്തിക്കാന്‍ അറിയിച്ചു. തുടർന്നുണ്ടായ ശ്വാസതടസ്സം മാർപാപ്പയുടെ ആരോഗ്യനില വഷളാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 24 മുതൽ 48 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.

88 വയസുള്ള മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഫെബ്രുവരി 14 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായുള്ള പ്രത്യേക തെറാപ്പി ചികിത്സയും മാർപാപ്പയ്ക്ക് നൽകിയിട്ടുണ്ട്. പ്ലൂറിസി എന്ന അസുഖത്തെ തുടർന്ന് 21ാം വയസില്‍ മാർപാപ്പയുടെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കംചെയ്തിരുന്നു. അതിനാൽ തന്നെ തുടർച്ചയായ ശ്വാസകോശ അണുബാധകള്‍ക്ക് സാധ്യതയേറെയാണ്. സമീപ വർഷങ്ങളിൽ, അദ്ദേഹം വൻകുടലിൽ ശസ്ത്രക്രിയയ്ക്കും ഹെർണിയ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com