
അഞ്ചാഴ്ച നീണ്ട ആശുപത്രി വാസം അവസാനിപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പ വത്തിക്കാനിലേക്ക്. റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയിലെ മെഡിക്കല്‍ സംഘമാണ് ഡിസ്ചാർജ് വിവരം പുറത്തുവിട്ടത്. രണ്ടു മാസത്തെ പൂർണ്ണ വിശ്രമമാണ് മാർപാപ്പയ്ക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പ്രാർഥനകളോടെ കാത്തിരുന്ന വിശ്വാസിസമൂഹത്തെ ആശീർവദിച്ചു കൊണ്ടായിരിക്കും മാർപാപ്പയുടെ മടക്കം.
ഫെബ്രുവരി 14നാണ് ശ്വാസകോശ സംബന്ധിയായ അസ്വസ്ഥതകളെ തുടർന്ന് 88കാരനായ ഫ്രാന്‍സിസ് മാർപാപ്പയെ റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചതോടെ ആദ്യ ആഴ്ചകളില്‍ മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടർന്നു.
പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും യുവാവായിരിക്കെ പ്ലൂറസി ബാധിച്ച് ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കം ചെയ്തതും അണുബാധ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായി. ഇതോടെ രാജി പരിഗണനയിലാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ രാജി അഭ്യൂഹങ്ങള്‍ തള്ളിയ വത്തിക്കാന്‍ മാർപാപ്പയുടെ തിരിച്ചുവരവിനാണ് കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കി.
ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന ഇക്കാലയളിവില്‍ ആശുപത്രിയില്‍ മാർപാപ്പ നടത്തിയ കൂടിക്കാഴ്ചകളെല്ലാം തന്‍റെ അസാന്നിധ്യത്തെ മുന്നില്‍ കണ്ടുള്ളതായിരുന്നു. വത്തിക്കാൻ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന കർദ്ദിനാൾ പിയട്രോ പരോളിനുമായി ഒന്നിലധികം തവണ മാർപാപ്പ കൂടിക്കാഴ്ച നടത്തി. ആരോഗ്യനില മെച്ചപ്പെട്ടപ്പോള്‍ ആദ്യം സന്ദേശമായും പിന്നീട് ആശുപത്രിയില്‍ നിന്നുള്ള ചിത്രമായും മാർപാപ്പ വിശ്വാസികള്‍ക്ക് അരികിലെത്തി.
ഇതിനിടെ 5 ഞായറാഴ്ച കുർബാനകളാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ കടന്നുപോയത്. 2013ല്‍ മാർപാപ്പയായി ചുമതലയേറ്റതിനു ശേഷം വത്തിക്കാനില്‍ നിന്ന് ഇത്രയുമധികം കാലം മാർപാപ്പ വിട്ടുനില്‍ക്കുന്നത് ഇതാദ്യമായാണ്. കത്തോലിക്കാ വിശ്വാസികള്‍ വിശുദ്ധവർഷമായി കാണുന്ന ജൂബിലി വർഷത്തെ ആഘോഷങ്ങളിലോ, ഈസ്റ്റർ നോമ്പിന്‍റെ വരവേല്‍പ്പിലോ മാർപാപ്പ വത്തിക്കാനിലുണ്ടായിരുന്നില്ല. ഈ സമയം, വത്തിക്കാനിലും ഗമേലിയിലെ ആശുപത്രി അങ്കണത്തിലും ബേണസ് അയേഴ്സിലെ ജന്മനാട്ടിലുമെല്ലാം വിശ്വാസികള്‍ പ്രാർഥനയിലായിരുന്നു.
ഒടുവില്‍ കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലും വന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പോപ്പിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നെന്ന ആശ്വാസം പങ്കുവെച്ചു. ഇനി വത്തിക്കാനിലേക്ക് മടങ്ങിയാലും അടുത്ത രണ്ടു മാസം പൂർണ്ണവിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇക്കാലയളവില്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരിക്കും മാർപാപ്പ.