
ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങൾ കാലിക പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തില്‍ വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്‍റെയും ആഗോള പശ്ചാത്തലത്തിൽ സംവാദങ്ങളുടെ മൂല്യം ഉയർത്തിക്കാട്ടിയായിരുന്നു മാർപാപ്പയുടെ പ്രസംഗം.
ലോകത്ത് രാഷ്ട്രങ്ങളും ജനങ്ങളും തമ്മിലുള്ള അസഹിഷ്ണുത വർധിക്കുന്ന സാഹചര്യത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മത- വംശ- സാംസ്കാരിക വ്യത്യാസങ്ങൾക്കപ്പുറം എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശമാണ് ശ്രീനാരായണഗുരു ലോകത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തലത്തിൽ, അല്ലെങ്കിൽ ഏതെങ്കിലും രൂപത്തിൽ ആരോടും വിവേചനം ഉണ്ടാകരുതെന്ന് ഗുരു പറഞ്ഞതായും മാർപാപ്പ ഓർമപ്പെടുത്തി.
Also Read: നോത്ര ദാം കത്തീഡ്രല്‍ വീണ്ടും തുറക്കുന്നു; പുതുക്കിയ പള്ളിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഫ്രാൻസ്
സമ്മേളനത്തിൽ പങ്കെടുത്ത്, വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരുമായി സംവദിക്കുവാനും പരസ്പരം മനസിലാക്കുവാനും സന്നദ്ധരായ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. മാർപാപ്പയുടെ അനുഗ്രഹ പ്രഭാഷണത്തിനുശേഷം കേരളത്തിൽ നിന്നുള്ള കുട്ടികൾ പ്രാർഥനാ ഗാനം ആലപിച്ചു. വത്തിക്കാൻ സ്ക്വയറിലെ അഗസ്റ്റിരിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറോളം പേരാണ് പങ്കെടുത്തത്.