ഇക്റെ ഇമാമോഗ്ലുവിൻ്റെ അറസ്റ്റ്: തുർക്കിയിൽ ജനകീയ പ്രക്ഷോഭം ശക്തം

ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത് ജനമനസിന് മുറിവേൽപ്പിച്ചുവെന്ന് ഇമാമോഗ്ലുവിൻ്റെ ഭാര്യ ​​ദിലെക് ​ഗായ പറഞ്ഞു.
ഇക്റെ ഇമാമോഗ്ലുവിൻ്റെ അറസ്റ്റ്: തുർക്കിയിൽ ജനകീയ പ്രക്ഷോഭം
ശക്തം
Published on

ഇസ്താബുൾ മേയറും തുർക്കി പ്രതിപക്ഷ നേതാവുമായ ഇക്റെ ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തുർക്കിയിൽ ജനകീയ പ്രക്ഷോഭം ശക്തം. കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് റജബ് ത്വയ്‌ബ് എർദോ​ഗാൻ്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായ ഇക്റെ ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്. ഇസ്താംബൂളിന് പിന്നാലെ അങ്കറയിലും ഇസ്മീറിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയാണ്. ആയിരത്തി‍ലധികം ആളുകളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

പ്രതിഷേധം നടത്തുന്നത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ദുഷ്ട ശ്രമെമന്നാണ് പ്രസിഡൻ്റ് എ‍ർദോ​ഗാൻ വിശേഷിപ്പിച്ചത്. പ്രതിഷേധം നടത്തി രാജ്യത്ത് പ്രതിപക്ഷം അരാജകത്വം സൃഷ്ടിക്കുകയാണെന്ന് എർ​ദോ​ഗാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ബുധനാഴ്ച ഈസ്തംബൂളിൽ ആരംഭിച്ച പ്രതിഷേധം തുർക്കിയിലെ മറ്റ് ന​ഗരങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നത്. 


തു‍ർക്കിയിലെ 81 പ്രവിശ്യകളിൽ 55 ഇടത്തും റാലികൾ നടന്നു. 2013 ന് ശേഷം രാജ്യം കാണുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് തുർക്കിയിൽ നടക്കുന്നത്. പ്രതിപക്ഷ നേതാവ് ഇമാമോഗ്ലുവിനൊപ്പം രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും വ്യവസായികളും അടക്കം നൂറിലധികം ആളുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത് ജനമനസിന് മുറിവേൽപ്പിച്ചുവെന്നാണ് ഇമാമോഗ്ലുവിൻ്റെ ഭാര്യ ​​ദിലെക് ​ഗായ പറഞ്ഞത്. കൈക്കൂലി, കുറ്റകൃത്യ സംഘടനയെ നയിക്കൽ, അഴിമതി, നിയമവിരുദ്ധമായി വ്യക്ത​ഗത വിവരങ്ങൾ ശേഖരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇമാമോഗ്ലുവിനെതിരെ ചുമത്തിയിരിക്കുന്നത്.



നിലവിൽ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് സ്ഥാനാർഥിയായി തുടരാൻ ഇമാമോഗ്ലുവിന് തടസങ്ങളൊന്നുമില്ലെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ അയോ​ഗ്യനാകും. ഇതിനിടെ ക്രമക്കേടുകൾ ആരോപിച്ച് ഇമാമോഗ്ലുവിൻ്റെ ബിരുദം പിൻവലിക്കുകയാണെന്ന് ഈസ്തംബൂൾ സർവകലാശാല പ്രഖ്യാപിച്ചത് ആശങ്കയായി. ഈ തീരുമാനം ശരിവയ്ക്കപ്പെട്ടാൽ ഭരണഘടനയനുസരിച്ചുള്ള ഉന്നത വിദ്യാഭ്യാസ യോ​ഗ്യതയില്ലെങ്കിൽ മത്സരിക്കാനാവില്ല. ഇമാമോഗ്ലുവിൻ്റെ ബിരുദം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ ഭരണഘടനാ കോടതിയിലും യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും അപ്പീൽ പോകുമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകർ അറിയിച്ചിരുന്നു.



ആരോപണങ്ങൾ നിഷേധിച്ച ഇമാമോഗ്ലു, അവ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുകയും ചെയ്തു. ക്രിമിനൽ സംഘടന സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക, കൈക്കൂലി വാങ്ങുക, കൊള്ളയടിക്കുക, നിയമവിരുദ്ധമായി വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുക,ടെൻഡറിൽ കൃത്രിമം കാണിക്കുക എന്നീ കുറ്റങ്ങളാണ് ഇമാമോഗ്ലുവിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഷേധങ്ങൾ വർധിച്ചതോടെ ഇസ്താംബൂളിലെ എല്ലാ ഒത്തുചേരലുകൾക്കും അധികാരികൾ നാല് ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെയൊക്കെ മറികടന്നുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിച്ച് കൊണ്ടിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com