
ആൻഡമാൻ നിക്കോബാർ ദ്വീപിൻ്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൻ്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. പോർട്ട് ബ്ലെയർ ഇനി മുതൽ 'ശ്രീ വിജയപുരം' എന്ന പേരിൽ അറിയപ്പെടും. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രിട്ടീഷ് കൊളോണിയൽ നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ആർക്കിബാൾഡ് ബ്ലെയറിൻ്റെ പേരാണ് ഈ സ്ഥലത്തിന് പേര് ലഭിച്ചത്. സ്ഥലത്തിൻ്റെ പേര് മാറ്റിയ വിവരം ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യമുണ്ടായിരുന്നെങ്കിലും, നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നമ്മൾ നേടിയ വിജയത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപ് വഹിച്ച പങ്ക് അതുല്യമാണെന്നും അമിത് ഷാ കുറിച്ചു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരു കാലത്ത് ചോള സാമ്രാജ്യത്തിൻ്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപ് പ്രദേശം, ഇന്ന് ഇന്ത്യയുടെ തന്ത്രപരവും വികസനവുമായ അഭിലാഷങ്ങളുടെ നിർണായക അടിത്തറയായി മാറിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
ജൂലൈയിൽ, രാഷ്ട്രപതി ഭവനിലെ പ്രധാന ഭാഗങ്ങളായ 'ദർബാർ ഹാൾ', 'അശോക് ഹാൾ' എന്നിവയുടെ പേരുകൾ യഥാക്രമം 'ഗണതന്ത്ര മണ്ഡപം', 'അശോക് മണ്ഡപ്' എന്നിങ്ങനെ പേരു മാറ്റിയിരുന്നു. രാഷ്ട്രപതി ഭവൻ്റെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിഫലനമാക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൻ്റെ വിശദീകരണം.
പ്രതിരോധ സേനയിൽ കൊളോണിയൽ പൈതൃകം ഇല്ലാതാക്കാനായി എല്ലാ ഇന്ത്യൻ നാവികസേനാംഗങ്ങളും ബാറ്റൺ ഏന്തുന്ന സമ്പ്രദായം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. കൂടാതെ ഛത്രപതി ശിവജിയുടെ മുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യൻ നാവികസേനയും അതിൻ്റെ ചിഹ്നങ്ങളും മാറ്റിയിരുന്നു.