കേന്ദ്രത്തിന് രാഷ്ട്രീയ തിമിരം, ബജറ്റിൽ വിഴിഞ്ഞം അനുബന്ധ വികസന പാക്കേജ് തഴഞ്ഞു: മന്ത്രി വി.എൻ. വാസവൻ

ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ് വിഴിഞ്ഞം തുറമുഖമെന്നും വാസവൻ പറഞ്ഞു
കേന്ദ്രത്തിന് രാഷ്ട്രീയ തിമിരം, ബജറ്റിൽ വിഴിഞ്ഞം അനുബന്ധ വികസന പാക്കേജ് തഴഞ്ഞു: മന്ത്രി വി.എൻ. വാസവൻ
Published on


ഇന്ത്യയെ ലോകസമുദ്രവ്യാപാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ വിഴിഞ്ഞത്തെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതിന് ഒരു ന്യായീകരണവും പറയാനില്ലന്ന് മന്ത്രി വി.എൻ വാസവൻ. നാടിനെ ഒന്നായി കാണാതെ ഇന്ത്യൻ ഫെഡറൽവ്യവസ്ഥയെ തന്നെ കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്ന് പറഞ്ഞ വാസവൻ, ഇന്ത്യൻ വ്യവസായലോകത്തിനും സാമ്പത്തിക രംഗത്തിനും ഗുണകരമാവുന്ന പദ്ധതിയാണ് വിഴിഞ്ഞമെന്നും ചൂണ്ടിക്കാട്ടി. ഷിപ്പിങ്ങ് മേഖലയ്ക്ക് പരിഗണന കൊടുക്കും എന്ന് പറയുന്ന കേന്ദ്രധനമന്ത്രി വിഴിഞ്ഞത്തെയും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനപദ്ധതികളെയും കാണാതെപോയത് രാഷ്ട്രീയ തിമിരം ബാധിച്ചത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.



ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ് വിഴിഞ്ഞം തുറമുഖമെന്ന് വാസവൻ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരക്ക് വിഴിഞ്ഞം വഴി ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങി. 6 മാസത്തിനിടെ 3 ലക്ഷം ടിഇയു കൈകാര്യം ചെയ്തു ലോകത്തെ തന്നെ വിസ്മയിപ്പിച്ചു. 151 കപ്പലുകളാണ് ഇതുവരെ വിഴിഞ്ഞം തുറമുഖത്ത് ബെർത്ത് ചെയ്തത്. ഇതിൽ ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന 5 ചരക്കു കപ്പലുകളും ഉൾപ്പെടും. ജനുവരിയിൽ മാത്രം 45 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. 85000 ടിഇയു കണ്ടെയ്നർ നീക്കമാണ് കഴിഞ്ഞ മാസം മാത്രം നടത്തിയത്.

കൊളംബോ ഉൾപ്പെടെയുള്ള തുറമുഖങ്ങളെ ആശ്രയിച്ചു ചരക്ക് ഗതാഗതം നടത്തിയിരുന്ന ഇന്ത്യക്ക് പ്രതിവർഷം ആയിരക്കണക്കിനു കോടി രൂപയുടെ ലാഭമാണ് വിഴിഞ്ഞം തുറമുഖം വഴി ലഭിക്കാൻ പോകുന്നത്. വിഴിഞ്ഞത്തിന്റെ കാര്യശേഷി പൂർണമായി വിനിയോഗിക്കാൻ അനുബന്ധ വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതുണ്ട്. ഇതിനായാണ് കേരളം കേന്ദ്രസർക്കാരിനോട് 5000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടത്. അത് പൂർണമായി അവഗണിക്കപ്പെട്ടു. ഈ പദ്ധതിയെ പൂര്‍ണമായും തഴഞ്ഞ ബജറ്റിൽ ദൃശ്യമായത് കേന്ദ്ര സർക്കാർ തുടർന്നു കൊണ്ടിരിക്കുന്ന പ്രതികാര മനോഭാവമാണ്.


24,000 കോടി രൂപയുടെ കേരളം ആവശ്യപ്പെട്ട പാക്കേജ്, ശബരി റെയില്‍പാത, കെ റെയില്‍ തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല. വയനാട്‌ ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടിയുടെയും പാക്കേജും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം നിഷേധിച്ച് കേരളജനതയെ പ്രതിസന്ധിയിൽ ആഴ്ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നും ഉയരണമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com