ഹരിയാന മന്ത്രിസഭയിലെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരവും ധനകാര്യവും മുഖ്യമന്ത്രി നയാബ് സൈനിക്ക്

മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയായ അനിൽ വിജിന് ഊർജം, ഗതാഗതം, തൊഴിൽ എന്നിവയാണ് അനുവദിച്ചത്
ഹരിയാന മന്ത്രിസഭയിലെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരവും ധനകാര്യവും മുഖ്യമന്ത്രി നയാബ് സൈനിക്ക്
Published on

ഹരിയാനയിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസങ്ങൾക്കിപ്പുറം മന്ത്രിസഭാ കൗൺസിലിന് വകുപ്പുകൾ അനുവദിച്ചു. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ആഭ്യന്തരവും ധനകാര്യവും ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. കാബിനറ്റ് സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, എക്സൈസ്, നികുതി, നഗര-ദേശ ആസൂത്രണം, പബ്ലിക് റിലേഷൻസ്, ഭാഷയും സംസ്കാരവും, നീതിന്യായ ഭരണം, പൊതുഭരണം, എല്ലാവർക്കും പാർപ്പിടം, ഉദ്യോഗസ്ഥർ എന്നിവയും, മറ്റാർക്കും അനുവദിക്കാത്ത വകുപ്പുകളും മുഖ്യമന്ത്രി വഹിക്കും.

മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയായ അനിൽ വിജിന് ഊർജം, ഗതാഗതം, തൊഴിൽ എന്നിവയാണ് അനുവദിച്ചപ്പോൾ കൃഷൻ ലാൽ പൻവാറിന് വികസനവും പഞ്ചായത്തും മൈൻസ് ആൻഡ് ജിയോളജി വകുപ്പ് എന്നിവയും നൽകി.

റാവു നർബീർ സിങ്ങിന് വ്യവസായം, വാണിജ്യം, പരിസ്ഥിതി, വനം, വന്യജീവി, വിദേശ സഹകരണം, സൈനിക്, അർദ്ധ സൈനിക് ക്ഷേമ വകുപ്പുകൾ എന്നിവയും, ശ്രുതി ചൗധരിക്ക് സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, ജലസേചനം, ജലസ്രോതസുകൾ എന്നിവ ലഭിച്ചു. ആർതി സിംഗ് റാവുവിന് ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, ആയുഷ് എന്നിവയാണ് അനുവദിച്ചത്. മഹിപാൽ ധണ്ഡയ്ക്ക് സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആർക്കൈവ്സ്, പാർലമെൻ്ററി കാര്യങ്ങൾ എന്നിവയും വിപുൽ ഗോയലിന് റവന്യൂ, ഡിസാസ്റ്റർ മാനേജ്മെൻ്റ്, നഗര തദ്ദേശ സ്ഥാപനങ്ങൾ, സിവിൽ ഏവിയേഷൻ എന്നിവയും അനുവദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എൻഡിഎ നേതാക്കളടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിലാണ് ഹരിയാന മുഖ്യമന്ത്രിയായി സൈനി സത്യപ്രതിജ്ഞ ചെയ്തത്. തുടർച്ചയായ മൂന്നാം വട്ടമാണ് സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുന്നത്. നേരത്തെ നയാബ് സിംഗ് സൈനിയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിനെ സംബന്ധിച്ച് പാർട്ടിയിൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു.

മുതിർന്ന നേതാവായ അനിൽ വിജ് മുഖ്യമന്ത്രിയായേക്കുമെന്നും അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ, ആഭ്യന്തര മന്ത്രി അമിത് ഷാ നയാബ് സിംഗ് സൈനിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് സൈനിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com