
ഹിന്ദു ഐഎഎസ് ഓഫീസർമാരുടെ വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടി ഉടൻ ഉണ്ടായേക്കും. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേല്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടി ഉണ്ടാകുമോ എന്നതാണ് അറിയേണ്ടത്.
ഗോപാലകൃഷ്ണൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും നടപടിയെടുക്കാമെന്നും കാട്ടി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എൻ. പ്രശാന്ത് ഐഎഎസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. പ്രശാന്തിൻ്റെ കാര്യത്തിൽ ഉചിതമായ തീരുമാനം മുഖ്യമന്ത്രിക്കെടുക്കാമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ സോഷ്യൽ മീഡിയ വഴി ആരോപണവും അധിക്ഷേപവും നടത്തിയതിലാണ് എൻ. പ്രശാന്തിനെതിരെ നടപടി വരുന്നത്. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിന് പിന്നാലെയാണ് ഐഎഎസ് തലപ്പത്ത് പോര് ശക്തമായത്. എസ്‌സി, എസ്‌ടി ഉന്നമനത്തിനായി തുടങ്ങിയ 'ഉന്നതി'യുടെ സിഇഒ ആയിരുന്ന കാലത്തെ എൻ. പ്രശാന്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രശാന്ത് ഫേസ്ബുക്ക് പോര് ആരംഭിച്ചത്. തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്നാണ് പ്രശാന്തിൻ്റെ ആരോപണം.
'സ്പെഷ്യൽ റിപ്പോർട്ടർ' എന്നാണ് ജയതിലകിനെ പ്രശാന്ത് വിശേഷിപ്പിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. സ്വയം കുസൃതി ഒപ്പിച്ചിട്ട് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നെന്നായിരുന്നു കെ.ഗോപാലകൃഷ്ണന് നേരെയുള്ള പ്രശാന്തിൻ്റെ പരിഹാസം. പോസ്റ്റില്‍ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി ജയതിലക് എന്ന വ്യക്തി തന്നെയാണെന്നും പ്രശാന്ത് അധിക്ഷേപിച്ചു. ഇതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പ്രശാന്തിനോട് വിശദീകരണം തേടിയത്.