'രാജീവ് ചന്ദ്രശേഖറിൻ്റെ പരാജയത്തിൻ്റെ ഉത്തരവാദി, പാർട്ടിയിൽ നിന്നും പുറത്താക്കണം'; വി.വി. രാജേഷിനെതിരെ ബിജെപി പ്രതികരണ വേദിയുടെ പോസ്റ്റർ

'രാജീവ് ചന്ദ്രശേഖറിൻ്റെ പരാജയത്തിൻ്റെ ഉത്തരവാദി, പാർട്ടിയിൽ നിന്നും പുറത്താക്കണം'; വി.വി. രാജേഷിനെതിരെ ബിജെപി പ്രതികരണ വേദിയുടെ പോസ്റ്റർ

ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പോസ്റ്ററിൽ ആവശ്യമുണ്ട്
Published on

തിരുവനന്തപുരം ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെതിരെ പോസ്റ്റർ പ്രതിഷേധം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിൻ്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. രാജേഷിൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ.


തിരുവനന്തപുരം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും പണം പറ്റിയ വി.വി. രാജേഷ്, ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം. രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യമുണ്ട്. തെരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക, രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക, രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെ പരിഗണിക്കാനിരിക്കെയാണ് ഈ വാർത്ത പുറത്തെത്തുന്നത്. സംസ്ഥാനത്തെ ബിജെപി ഭാരവാഹികളെ അടിമുടി മാറ്റാനൊരുങ്ങുകയാണ് പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അപ്രതീക്ഷിത നേതാക്കൾ സംസ്ഥാന തല ഭാരവാഹികളാകുമെന്നും സൂചന. ഷോൺ ജോർജ് ഉൾപ്പെടെയുള്ള പുതുമുഖങ്ങളെ സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കാൻ രാജീവ് ചന്ദ്രശേഖർ തീരുമാനിച്ചു. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആർഎസ്എസ് പ്രചാരകനെ തിരികെ കൊണ്ടുവരാനും ധാരണയായിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com