
തമിഴ് തായ് വാഴ്ത്ത് വിവാദത്തിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിക്ക് പോസ്റ്ററുകളിലൂടെ മുന്നറിയിപ്പ് നൽകി ഡിഎംകെ പ്രവർത്തകർ. ഗവർണർ സൂക്ഷിച്ച് പെരുമാറണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി കലഹിക്കാൻ നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗവർണർ പങ്കെടുത്ത ഹിന്ദി മാസാചരണ പരിപാടിയിൽ തമിഴ് തായ് വാഴ്ത്തിൽ നിന്നും 'തെക്കനമും അതിൽ സിറന്ത ദ്രാവിഡ നാൾ തിരുനാടും' എന്ന ഭാഗം ഒഴിവാക്കിയതിൽ വലിയ പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്.
ചെന്നൈ നഗരത്തിലുടനീളം ആയിരകണക്കിന് പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുറുക്കനെപ്പോലെ പെരുമാറരുത് എന്ന തലക്കെട്ടിലാണ് പോസ്റ്ററുകൾ. "ആര്യൻ രവി, നമ്മുടെ ദ്രാവിഡ നായകനുമായി കലഹിക്കരുത്" എന്ന മുന്നറിയിപ്പുമുണ്ട്. പോസ്റ്ററിൽ പരാമർശിച്ചിട്ടില്ലെങ്കിലും, ഭരണകക്ഷിയായ ഡിഎംകെ പ്രവർത്തകരായിരിക്കും ഇതിന് പിന്നിലെന്നത് വ്യക്തമാണ്.
ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴകത്തിൻ്റെ പ്രവർത്തകർ ഒഴിവാക്കിയ വാചകം എഴുതിയ നൂറിലധികം പോസ്റ്റ്കാർഡുകൾ പ്രതിഷേധ സൂചകമായി രാജ്ഭവനിലേക്ക് അയക്കുകയും ചെയ്തു. “ഗവർണറുടെ നിലപാടിൽ അതൃപ്തി പ്രകടിപ്പിക്കാനാണ് ഞങ്ങൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. പോസ്റ്റ്കാർഡുകൾ ഗവർണറുടെ കയ്യിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഒരു പ്രതിഷേധക്കാരൻ പറഞ്ഞു.
ഹിന്ദി മാസാചരണത്തിൻ്റെ ഭാഗമായി ചെന്നൈയിലെ ദൂരദർശൻ കേന്ദ്രം സംഘടിപ്പിച്ച ചടങ്ങിലാണ് ഈ വിവാദ സംഭവം. 'തമിഴ് തായ് വാഴ്ത്തൽ' എന്നറിയപ്പെടുന്ന തമിഴ് ആന്തമാണ് സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽ ആലപിക്കാറുള്ളത്. ഇതിൽ നിന്ന് ഒരു പ്രസക്ത ഭാഗം ഒഴിവാക്കുകയായിരുന്നു. ആലാപനത്തിനിടെ ഗായകരുടെ ശ്രദ്ധ തിരിയുന്നൊരു സംഭവം ഉണ്ടായെന്നും അത് കാരണമാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതെന്നും വിശദീകരിച്ച് ദൂരദർശൻ രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഗവർണർക്ക് സംഭവിച്ച മോശം അനുഭവങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായി ദൂരദർശൻ ചെന്നൈ യൂണിറ്റ് അറിയിച്ചു.
ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെയാണ് തമിഴ് തായ് വാഴ്ത്തിൽ ‘ദ്രാവിഡം’ എന്നു തുടങ്ങുന്ന വരിയില്ലെന്ന് ആരോപണമുയർന്നത്.