
കെപിസിസിയിലെ നേതൃമാറ്റത്തെ എതിർത്ത് കാസർഗോഡും ഇടുക്കിയിലും തിരുവനന്തപുരത്തും പോസ്റ്ററുകൾ. കെ. സുധാകരൻ നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് തൊടുപുഴയിലും മൂവാറ്റുപുഴയിലും കാസഗോഡും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കണ്ണൂർ പയ്യന്നൂരിലും സുധാകരന് വേണ്ടി വീണ്ടും ഫ്ലെക്സ് ബോർഡ് ഉയർന്നു. 'കോൺഗ്രസ് പോരാളികൾ പയ്യന്നൂർ' എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ്.
കെ. സുധാകരൻ തുടരണം എന്നതാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. സേവ് കോൺഗ്രസ് എന്ന പേരിലാണ് തൊടുപുഴയിലും മൂവാറ്റുപുഴയിലും ഫ്ലക്സുകൾ ഉയർന്നത്. സുധാകരൻ ധീരമായ നേതൃത്വമാണെന്നും, ഈ നേതൃത്വമെന്നും തുടരണമെന്നും പോസ്റ്ററിൽ പറയുന്നു. തൊടുപുഴ ടൗൺ, പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരം, മൂവാറ്റുപുഴ ടൗൺ എന്നിവിടങ്ങളിലാണ് ഫ്ലക്സ്.
കാസർഗോഡ് ഡിസിസിക്ക് മുന്നിലും കെ. സുധാകരനെ പിന്തുണച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർ പക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുമെന്നും കെ. സുധാകരൻ തുടരട്ടെ എന്നുമാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. 'സേവ് കോൺഗ്രസ് കാസർഗോഡ്' എന്ന പേരിലാണ് പോസ്റ്റർ.
തിരുവനന്തപുരത്താവട്ടെ യൂത്ത് കോൺഗ്രസിൻ്റെയും കെഎസ്‌യുവിൻ്റെയും പേരിലാണ് ഫ്ലക്സ് ബോർഡ്. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിലേക്കുള്ള വഴിയിലാണ് ഫ്ലക്സ് ഉയർന്നത്. കെ. സുധാകരൻ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ എന്നും, കേരളത്തിലെ കോൺഗ്രസിന് ഊർജം പകരാൻ ഊർജസ്വലതയുള്ള നേതാവ് കെ. എസ് തുടരണമെന്നും ഫ്ലക്സിൽ കുറിച്ചിരിക്കുന്നു.
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ തന്നോടാരും പറഞ്ഞിട്ടില്ലെന്നാണ് കെ. സുധാകരൻ്റെ വിശദീകരണം. തന്നോടാരും മാറാന്‍ പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ല. ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്തത് കേരളത്തിന്റെ രാഷ്ട്രീയമാണെന്നും, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും സുധാകരന്‍ വിശദീകരിച്ചു. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള പ്രചരണങ്ങള്‍ ശരിയല്ല. അത് ഹൈക്കമാന്‍ഡിനെ അറിയിക്കും. ആരാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിക്കൂവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ തനിക്ക് ശത്രുക്കളില്ല. എല്ലാവരുമായും നല്ല ബന്ധമാണുള്ളത്. ആരെങ്കിലും വിചാരിച്ചാല്‍ അങ്ങനെ തന്നെ തൊടാനാകില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.