
കണ്ണൂർ കരിക്കോട്ടക്കരിയിൽ ചരിഞ്ഞ പരിക്കേറ്റ കുട്ടിയാനയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെയാണ് കുട്ടിയാന ചരിഞ്ഞത്. മയക്കുവെടി വെച്ച് പിടികൂടി ആറളത്തെ ആർആർടി കേന്ദ്രത്തിലെ ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. മയക്കുവെടിയേറ്റ കുട്ടിയാന അവശനിലയിലായിരുന്നു.
ആനയുടെ വായിൽ പരിക്കേറ്റത് പന്നിപ്പടക്കം പൊട്ടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തുമ്പിക്കൈക്കും വായയ്ക്കും ഇടയിൽ ഗുരുതരമായ പരിക്ക് പറ്റിയ നിലയിലായിരുന്ന കാട്ടാന. സംഭവത്തിൽ സിസിഎഫ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ ഡിഎഫ്ഒ തലവനായ അന്വേഷണ സംഘത്തിൽ 11 പേരാണ് ഉള്ളത്. കൊട്ടിയൂർ റേഞ്ചിലാണ് കുട്ടിയാന ചരിഞ്ഞ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കരിക്കോട്ടക്കരി ടൗണിന് സമീപം ജനവാസ മേഖലയിലാണ് പരിക്കേറ്റ കുട്ടിയാന ഇറങ്ങിയത്. ആന അക്രമവാസന കാണിച്ചതോടെ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് മയക്കുവെടി വെക്കാൻ തീരുമാനമായത്. ആർആർടി വെറ്റിനറി സർജൻ അജീഷ് മോഹൻദാസാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക ആർആർടി സംഘം സ്ഥലത്തെത്തിയിരുന്നു. ആനയുടെ ജീവൻ രക്ഷിക്കുകയെന്നത് ശ്രമകരമാണെന്ന് എസിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആനയുടെ താടിയെല്ല് പൊട്ടിയ നിലയിലായിരുന്നു.