അലന്റെ നെഞ്ചില്‍ ആനക്കൊമ്പ് കുത്തിക്കയറി; വാരിയെല്ലുകള്‍ തകര്‍ന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടാന ആക്രമിച്ചത്
അലന്റെ നെഞ്ചില്‍ ആനക്കൊമ്പ് കുത്തിക്കയറി; വാരിയെല്ലുകള്‍ തകര്‍ന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Published on

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അലന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. നെഞ്ചിനേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അലന്റെ നെഞ്ചില്‍ ആനക്കൊമ്പ് കുത്തിക്കയറിയതായും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കാട്ടാന ആക്രമണത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായി. അലന്റെ കൈക്കും കാലിനും പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് മുണ്ടൂര്‍ ഒടുവങ്ങാട് സ്വദേശി അലന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. രാത്രിയുണ്ടായ ആക്രമണത്തില്‍, അലന്റെ അമ്മ വിജിക്കും പരിക്കേറ്റിരുന്നു. വിജിയെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിജിയുടെ തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടന്‍ചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിക്കുകയായിരുന്നു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു.


കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് മുണ്ടൂരില്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടു വരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ആനയെ പ്രദേശത്ത് നിന്നും ഉള്‍ക്കാട്ടിലേക്ക് തുരത്താനും ആവശ്യമായ പൊലീസ് സഹായം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശിച്ചു. കൂടുതല്‍ ആര്‍ആര്‍ടി അംഗങ്ങളെ പങ്കെടുപ്പിക്കും. മരണപ്പെട്ട ആളുടെ കുടുംബത്തിന് ഉടന്‍ നഷ്ട പരിഹാരം നല്‍കും. ആശുപത്രിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com