
കൊല്ലം കുണ്ടറയിൽ കെഎസ്ഇബി ക്കെതിരെ പ്രതിഷേധവുമായി മില്ലുടമ. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മില്ലിൽ തയ്യാറാക്കി വച്ചിരുന്ന മാവ് ഉപയോഗശൂന്യമായതിലായിരുന്നു പ്രതിഷേധം. വൈദ്യുതി ഓഫീസിന് മുന്നിലെത്തി മാവ് തലയിലൊഴിച്ചായിരുന്നു പ്രതിഷേധം.
മുന്നറിയിപ്പില്ലാതെ തുടർച്ചയായി വൈദ്യുതി മുടക്കം വന്നതോടെ ധാന്യങ്ങൾ മാവാക്കി നൽകുന്ന മില്ലുടമ ദുരിതത്തിലായി. ഇമ്പള്ളൂർ വേലുത്തമ്പി നഗറിൽ മില്ല് നടത്തുന്ന കുളങ്ങരക്കൽ രാജേഷാണ് ഗതികെട്ട് പുളിച്ച് പോയ മാവ് കെഎസ്ഇബി ഓഫീസിന് മുന്നിൽ എത്തി തലയിലൊഴിച്ച് പ്രതിഷേധിച്ചത്. നിരന്തരം ഉണ്ടാകുന്ന മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസം വലിയ പ്രതിസന്ധിയാണ് രാജേഷിനെ പോലുള്ള ചെറുകിട മില്ലുടമകൾക്കടക്കം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് പതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നും രാജേഷ് പറഞ്ഞു.
Also Read: പൂണിത്തുറ സിപിഎം ലോക്കൽ കമ്മിറ്റി സംഘർഷം; ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ പരാതി
അതേസമയം. വൈദ്യുതി തടസമുണ്ടായാൽ കൃത്യമായി രജിസ്റ്റേഡ് നമ്പരിലേക്ക് സന്ദേശം അയക്കാറുണ്ടെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.