
എസ്എടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതിനു പിന്നാലെ ആശുപത്രി സന്ദർശിച്ച് മന്ത്രി വീണ ജോർജ്. ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കെഎസ്ഇബി ജോലി നടക്കുന്ന കാര്യം നേരത്തെ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ബദൽ ക്രമീകരണം ഒരുക്കിയിരുന്നു. ഐസിയു ഉൾപ്പെടുന്ന ഗോൾഡൻ ജൂബിലി ബ്ലോക്കിൽ വൈദ്യുതി മുടങ്ങിയില്ല. ഏതു വിധേനയും ഇലക്ട്രിസിറ്റി എത്തിക്കണമെന്ന് നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
3 മണിക്കൂർ നേരത്തെ പ്രതിസന്ധിക്കൊടുവിലാണ് ആശുപത്രയിൽ വൈദ്യുതി എത്തിയത്. കുട്ടികളും മുതിർന്നവരുമടക്കമുള്ള രോഗികൾക്ക് ബുദ്ധിമുട്ട് നേരിട്ടതോടെ പ്രതിഷേധിച്ച് കൂട്ടിരിപ്പുകാർ രംഗത്തെത്തിയിരുന്നു. വൈദ്യുതി പോയപ്പോൾ ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിച്ചെങ്കിലും, പിന്നീട് കേടായതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. വിഷയത്തിൽ ബാലാവകാശ കമ്മീഷനും ഇടപെട്ടു. അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസും ബിജെപിയും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.