
എഡിഎമ്മിൻ്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി. പി. ദിവ്യയുടെ മുൻകൂർ ജാമ്യാഹർജിയിൽ വിധി ഇന്ന്. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി ഹർജി വിധി പറയാൻ മാറ്റുകയായിരുന്നു. മുൻകൂർ ജാമ്യത്തിലെ വിധിക്ക് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിൻ്റെ തീരുമാനം. ജാമ്യം ലഭിച്ചില്ലെങ്കിൽ ദിവ്യ കീഴടങ്ങുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
എഡിഎം നവീൻ ബാബു മരണപ്പെട്ട കേസിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട പി. പി. ദിവ്യ ഒളിവിൽ ആണ്. സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് പിന്നാലെ ഒളിവിൽ പോയ പൊലീസിന് ഇതുവരെ അവരെ കണ്ടെത്താനായിട്ടില്ല. മുൻകൂർ ജാമ്യ ഹർജിയിൽ വിധി വരും മുൻപ് പൊലീസിൽ കീഴടങ്ങില്ലെന്ന് ദിവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അനുകൂലമായ രാഷ്ട്രീയ തീരുമാനം ഇല്ലാത്തതും പൊലീസിനെ അറസ്റ്റിൽ നിന്ന് പിന്തിരിപ്പിച്ചു. ഇന്ന് ജാമ്യ ഹർജിയിൽ വിധി വന്നതിനുശേഷം പൊലീസ് തുടർനടപടികളിലേക്ക് കടക്കുമെന്നാണ് ലഭ്യമായ വിവരം.
യാത്രയയപ്പ് യോഗത്തിൽ സദുദ്ദേശപരമായാണ് സംസാരിച്ചതെന്നും അഴിമതിക്കെതിരായ പോരാട്ടത്തിൻ്റെ ഭാഗമാണിതെന്നുമായിരുന്നു പി. പി. ദിവ്യയുടെ വാദം. തൻ്റെ മുന്നിൽ വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതെന്നും, ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് എത്തിയതെന്നും ദിവ്യ കോടതിയിൽ വാദിച്ചു.
സ്ത്രീയെന്ന പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകൻ്റെ വാദം. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാതികൾ അടിസ്ഥാനമില്ലാത്തതാണെന്നും, കളക്ടർ ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷനും വാദിച്ചു. ദിവ്യക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രോസിക്യൂഷൻ വാദം. മുൻകൂർ ജാമ്യം നൽകരുതെന്ന് നവീൻ ബാബുവിൻ്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പി പി ദിവ്യക്കെതിരായ പ്രതിഷേധം ഇന്നും തുടരും. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കണ്ണൂർ കമ്മിഷണർ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും.