'പാർട്ടി നിലപാട് ശരിവെയ്ക്കുന്നു'; രാജിക്കത്ത് നല്‍കി പി.പി. ദിവ്യ

പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ദിവ്യ അറിയിച്ചു
'പാർട്ടി നിലപാട് ശരിവെയ്ക്കുന്നു'; രാജിക്കത്ത് നല്‍കി പി.പി. ദിവ്യ
Published on

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം അംഗീകരിച്ച് പി.പി. ദിവ്യ. എഡിഎം നവീന്‍ ബാബുവിന്‍റെ വേർപാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും ദിവ്യ വാർത്താക്കുറിപ്പില്‍ അറിയിച്ചു. പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു.

Also Read: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നീക്കി

നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ്യവിമർശനമാണ് നടത്തിയതെങ്കിലും, പ്രതികരണങ്ങളില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ശരിവെയ്ക്കുന്നുവെന്നും ദിവ്യ  വാർത്താക്കുറിപ്പില്‍ പറയുന്നു.

എഡിഎമ്മിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തതിനു പിന്നാലെയായിരുന്നു ദിവ്യയെ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനം.  ഈ മാസം 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 14ാം തീയതി കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് നവീന്‍ബാബു ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com