
=കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കണ്ണൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രം. നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിന് സാഹചര്യത്തെളിവുകൾ ഉണ്ടെങ്കിലും നേരിട്ടുള്ള തെളിവുകൾ ഇല്ലെന്നും കുറ്റപത്രത്തിലുണ്ട്. പകർപ്പ് ലഭിച്ച ശേഷം മേൽക്കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് ദിവ്യയുടെ തീരുമാനം.
പി.പി. ദിവ്യയെ ഏക പ്രതിയാക്കി കൊണ്ട് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബു ജീവനൊടുക്കിയത് മരണമല്ലാതെ മറ്റൊരു മാർഗമില്ലെന്ന ബോധ്യത്താലാണ്. ആത്മഹത്യ ചെയ്തത് പുലർച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
ആസൂത്രിതമായ അധിക്ഷേപമാണ് ദിവ്യ നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പലതവണ കളക്ടറുടെ പിഎയെ ഫോണിൽ വിളിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും ദിവ്യ തന്നെയാണെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.