
കണ്ണൂർ മുൻ എ ഡി എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം കേൾക്കും. നവീൻ ബാബുവിൻ്റെ കുടുംബവും ജാമ്യഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുക.
കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ മൊഴി ആയുധമാക്കിയാകും പി പി ദിവ്യയുടെ അഭിഭാഷകൻ ജാമ്യഹർജിയിൽ പ്രധാന വാദം നടത്തുക. തെറ്റ് പറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞു എന്നായിരുന്നു പൊലീസിന് കലക്ടർ നൽകിയ മൊഴി. അതേസമയം പ്രോസിക്യുഷനും നവീൻ ബാബുവിൻ്റെ കുടുംബവും ഉന്നയിക്കുന്ന വാദങ്ങൾ ജാമ്യം അനുവദിക്കുന്നതിൽ നിർണായകമാകും. പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. പൊലീസ് റിപ്പോർട്ടും പി പി ദിവ്യക്ക് നിർണായകമാണ്.
കഴിഞ്ഞമാസം 29 മുതൽ ദിവ്യ റിമാൻ്റിലാണ്. ഇതിനിടെ പൊലീസ് ദിവ്യയെ ഏതാനും മണിക്കുറുകൾ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. വിജിലൻസ് കണ്ണൂർ ഡി വൈ എസ് പി ഓഫീസിൽ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച ടി വി പ്രശാന്ത് എത്തിയതിൻ്റെ ദൃശ്യങ്ങൾ ഹാജരാക്കണം എന്നാവശ്യപ്പെട്ട് ദിവ്യയുടെ അഭിഭാഷകൻ മറ്റൊരു ഹർജി കൂടി നൽകിയതായും വിവരമുണ്ട്.
Also Read; എഡിഎമ്മിൻ്റെ മരണം; നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കുന്ന റവന്യൂ വകുപ്പിൻ്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.
തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. എന്നാൽ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി കെ രാജൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
കണ്ണൂർ ജില്ലാ കളക്ടർ പങ്കെടുത്ത യാത്രയയപ്പ് ചടങ്ങിൽ അപ്രതീക്ഷിതമായി കടന്നു വന്ന് പി.പി.ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച ദിവ്യ പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. ഈ സംഭവത്തിനു പിന്നാലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.