
മലയാളിയായ ഹോക്കി താരം ഒളിംപ്യൻ പി.ആർ. ശ്രീജേഷ് വിരമിക്കുന്നു. പാരീസ് ഒളിംപിക്സിന് ശേഷം അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് ശ്രീജേഷ് പ്രഖ്യാപിച്ചു
36ാം വയസിലാണ് മലയാളികളുടെ യശസ്സുയർത്തിയ അഭിമാന താരം വിരമിക്കാനൊരുങ്ങുന്നത്. ഇതുവരെ 328 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ടീം ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾകീപ്പറാണ് ശ്രീജേഷ്. ഖേൽരത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയ താരം കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ ഒളിംപിക്സിൻ്റെ സെമി ഫൈനലിൽ ബ്രിട്ടനെ തോൽപ്പിച്ച് വെങ്കല മെഡൽ നേടിയ ടീമിൻ്റെ നായകൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീജേഷിൻ്റെ മിന്നുന്ന സേവുകളുടെ കരുത്തിൽ കൂടിയായിരുന്നു ഇന്ത്യൻ ഹോക്കി ടീം ചരിത്ര മെഡലുമായി തിരിച്ചെത്തിയത്.
"അന്താരാഷ്ട്ര ഹോക്കിയിലെ അവസാന അധ്യായത്തിൻ്റെ വക്കിൽ നിൽക്കുമ്പോൾ എൻ്റെ ഹൃദയം നന്ദിയാൽ വീർപ്പുമുട്ടുകയാണ്. എൻ്റെ കുടുംബത്തിൽ നിന്നും, സഹതാരങ്ങളിൽ നിന്നും, കോച്ചിൽ നിന്നും, ആരാധകരിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് എന്നും നന്ദിയുള്ളവനായിരിക്കും. 2020 ടോക്യോ ഒളിംപിക്സിൽ മെഡലണിഞ്ഞത് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു," ശ്രീജേഷ് എക്സിൽ കുറിച്ചു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തെ കർഷക കുടുംബത്തിലാണ് ശ്രീജേഷ് ജനിച്ചത്. പി.വി. രവീന്ദ്രൻ്റെയും ഉഷയുടെയും മകനായി 1988 മെയ് 8നാണ് ജനനം. കിഴക്കമ്പലം സെൻ്റ് ആൻ്റണീസ് ലോവർ പ്രൈമറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കിഴക്കമ്പലം സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലാണ് ആറാം ക്ലാസ് വരെ പഠിച്ചത്.
കുട്ടിക്കാലത്ത്, ലോംഗ് ജമ്പിലേക്കും വോളിബോളിലേക്കും കടക്കും മുമ്പ് അദ്ദേഹം ഒരു ഓട്ടക്കാരനായാണ് പരിശീലിച്ചിരുന്നത്. 12ാം വയസിൽ തിരുവനന്തപുരത്തെ ജി.വി. രാജ സ്പോർട്‌സ് സ്‌കൂളിൽ ചേർന്നു. ഇവിടെ വെച്ചാണ് ഹോക്കി കോച്ച് ജയകുമാർ ഗോൾകീപ്പറാകാൻ കോച്ച് നിർദേശിച്ചത്.
ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയത്. 2017ൽ കായിക മേഖലയിലെ മികവിന് കേന്ദ്ര സർക്കാർ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽരത്നയും അദ്ദേഹത്തെ തേടിയെത്തി.