'ഇംഗ്ലീഷ് പരീക്ഷ' പാസായി; മലയാളിക്കരുത്തിൽ ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സ് സെമിയിൽ

'ഇംഗ്ലീഷ് പരീക്ഷ' പാസായി; മലയാളിക്കരുത്തിൽ ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സ് സെമിയിൽ

ശ്രീജേഷിൻ്റെ സേവുകളാണ് ഇന്ത്യയുടെ പ്രകടനത്തിൽ നിർണായകമായത്. ബ്രിട്ടൻ്റെ നിരവധി ഗോൾശ്രമങ്ങൾ ശ്രീജേഷ് തടഞ്ഞിട്ടു
Published on

'ഇംഗ്ലീഷ് പരീക്ഷ' പാസായി ഇന്ത്യൻ പുരുഷ ഹോക്കി ടീം പാരിസ് ഒളിംപിക്സിലെ സെമി ഫൈനലിൽ കടന്നു. തുടർച്ചയായ രണ്ടാം തവണയാണ് പുരുഷ ഹോക്കി ടീം ഒളിംപിക്സ് സെമി യോഗ്യത നേടുന്നത്. കഴിഞ്ഞ തവണത്തെ സെമി ഫൈനലിലെ എതിരാളികളായ ബ്രിട്ടനെയാണ് ഇന്ത്യ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ചത്. നിർണായകമായ ക്വാർട്ടർ പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന സ്കോറിൽ സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഇന്ത്യൻ ഗോൾപോസ്റ്റിന് കീഴിൽ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് തകർപ്പൻ സേവുകളുമായി തിളങ്ങി. ശ്രീജേഷിൻ്റെ സേവുകളാണ് ഇന്ത്യയുടെ പ്രകടനത്തിൽ നിർണായകമായത്. ബ്രിട്ടൻ്റെ നിരവധി ഗോൾശ്രമങ്ങൾ ശ്രീജേഷ് തടഞ്ഞിട്ടു. പെനാൽറ്റി ഷൂട്ടൗട്ടിലും തകർപ്പൻ സേവുമായി മത്സരം ഇന്ത്യക്ക് അനുകൂലമായി തിരിച്ചത് ശ്രീജേഷാണ്. 

രാജ് കുമാർ പാലിൻ്റെ ഷോട്ട് ബ്രിട്ടൻ്റെ ഗോൾവല കുലുക്കിയതോടെ മത്സരം 4-2 എന്ന മാർജിനിൽ ഇന്ത്യ ജയിച്ചുകയറി. പ്രീ ക്വാർട്ടറിൽ കരുത്തരായ ഓസ്ട്രേലിയയെ 3-2ന് വീഴ്ത്തിയാണ് ഇന്ത്യ ക്വാർട്ടറിലെത്തിയിരുന്നത്.

പ്രതീക്ഷിച്ചതിലേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്ത്യയുടെ പുലിക്കുട്ടികൾ പാരിസിലെ സെമി ബെർത്ത് ഉറപ്പിച്ചത്. മത്സരത്തിനിടെ 10 പേരായി ചുരുങ്ങിയിട്ടും, മോശം റഫറിയിങ് തീരുമാനങ്ങൾ തിരിച്ചടിയായിട്ടും ഇന്ത്യൻ സംഘം പെനാൽറ്റി ഷൂട്ടൗട്ട് വരെ സമാനതകളില്ലാത്ത പോരാട്ടവീര്യമാണ് പുറത്തെടുത്തത്. ശ്രീജേഷിന് പുറമെ ഇന്ത്യയുടെ പ്രതിരോധ മതിലും ശക്തമായിരുന്നു. ഗോൾവലയ്ക്ക് കീഴെ ശ്രീജേഷും പതിവ് പോലെ നിർണായക സാന്നിധ്യമായി മാറി.

News Malayalam 24x7
newsmalayalam.com