"പുകഴ്ത്തൽ മാധ്യമങ്ങൾക്ക് വിഷമമുണ്ടാക്കും, വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്നയാളല്ല"; സ്തുതിഗീത വിവാദത്തിൽ മറുപടി നൽകി മുഖ്യമന്ത്രി

"ഞങ്ങളാരും വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്ന ആളുകളല്ല. വ്യക്തിപൂജയുടെ ഭാഗമായി നിങ്ങൾ പറയുന്ന ഏതെങ്കിലും ആളുകൾക്ക് യാതൊന്നും നേടാനും കഴിയുന്നതല്ല," മുഖ്യമന്ത്രി പറഞ്ഞു.
"പുകഴ്ത്തൽ മാധ്യമങ്ങൾക്ക് വിഷമമുണ്ടാക്കും, വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്നയാളല്ല"; സ്തുതിഗീത വിവാദത്തിൽ മറുപടി നൽകി മുഖ്യമന്ത്രി
Published on


സ്തുതിഗീത വിവാദത്തിൽ മാധ്യമങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുകഴ്ത്തൽ മാധ്യമങ്ങൾക്ക് വിഷമമുണ്ടാക്കുമെന്നും ഞങ്ങൾ വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്നവരല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.



"ഇങ്ങനെയൊരു കാര്യം വരുമ്പോൾ തന്നെ സകലമാന കുറ്റങ്ങളും എൻ്റെ തലയിൽ ചാർത്താൻ ശ്രമിക്കുന്നൊരു കൂട്ടരും നമ്മുടെ നാട്ടിലുണ്ടല്ലോ. അങ്ങനത്തെ ആളുകൾക്ക് സ്വാഭാവികമായ വിഷമങ്ങളും ഉണ്ടാകും. അത് അങ്ങനയേ കാണേണ്ടതായിട്ടുള്ളൂ. ഞങ്ങളാരും വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്ന ആളുകളല്ല. വ്യക്തിപൂജയുടെ ഭാഗമായി നിങ്ങൾ പറയുന്ന ഏതെങ്കിലും ആളുകൾക്ക് യാതൊന്നും നേടാനും കഴിയുന്നതല്ല. അതിന് കഴിയില്ലെന്ന് മനസിലാക്കണം," മുഖ്യമന്ത്രി പറഞ്ഞു.



ഫീനിക്സ് പക്ഷിയെ പോലെ എന്നു പുകഴ്ത്തിയല്ലോ എന്ന ചോദ്യത്തിന് ഒറ്റപ്പെട്ട രീതിയിൽ ചിലയാളുകൾ അങ്ങനെയും ചിന്തിക്കുന്നുണ്ടെന്നേ കാണേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി മറുപടി നൽകി. പാട്ട് ഉണ്ടാക്കിയ ആൾ എന്തെങ്കിലും കാര്യം കാണാനാണ് എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. "അങ്ങനെ ആയിരുന്നുവെങ്കിൽ പാട്ടുണ്ടാക്കിയ ആൾ എൻ്റെയടുത്ത് വരേണ്ടതല്ലേ... ഇതുവരെ വന്നിട്ടില്ലല്ലോ," എന്നായിരുന്നു മുഖ്യമന്ത്രിയുടെ കൗണ്ടർ.

പി.വി. അൻവറിനും മുഖ്യമന്ത്രി മറുപടി നൽകി. "ഞാൻ മത്സരിക്കുമോ വേണ്ടയോ എന്ന് പറയേണ്ടത് പി.വി. അൻവറല്ല. മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. പാർട്ടിക്ക് നിയതമായ നിലപാടുണ്ട്, പാർട്ടി തീരുമാനിക്കും," പിണറായി വിജയൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com