അഭിമാനനിമിഷത്തിൽ പ്രജീഷിൻ്റെ കുടുംബം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിലെ മലയാളി ജീവനക്കാരൻ

പാലക്കാട് വാണിയംകുളം സ്വദേശി പ്രജീഷാണ് ആദ്യം തീരം തൊട്ട സാന്‍ ഫെര്‍ണാണ്ടോ കപ്പലിലെ ഏക മലയാളി ജീവനക്കാരൻ
അഭിമാനനിമിഷത്തിൽ പ്രജീഷിൻ്റെ കുടുംബം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിലെ മലയാളി ജീവനക്കാരൻ
Published on

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിൽ മലയാളി ജീവനക്കാരനും. പാലക്കാട് വാണിയംകുളം സ്വദേശി പ്രജീഷാണ് ആദ്യം തീരം തൊട്ട സാന്‍ ഫെര്‍ണാണ്ടോ കപ്പലിലെ ഏക മലയാളി ജീവനക്കാരൻ. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൻ്റെ സ്വപ്‌നദൗത്യം നിറവേറുമ്പോൾ പ്രജീഷിൻ്റെ കുടുംബം ഇരട്ടി സന്തോഷത്തിലാണ്. ലോകശ്രദ്ധ നേടി വിഴിഞ്ഞം തീരം തൊട്ട ആദ്യത്തെ കപ്പലിൽ ജീവനക്കാരനായി തൻ്റെ മകൻ ഉണ്ടെന്ന അഭിമാനം പ്രജീഷിൻ്റെ രക്ഷിതാക്കൾ ന്യൂസ് മലയാളത്തോട് പങ്കുവെച്ചു.  

ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട മെസ്‌കിന്‍റെ സാൻ ഫെർണാണ്ടോ മദർഷിപ്പ് വ്യാഴാഴ്ച രാവിലെ ഏഴേ കാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ ഔട്ടർ ഏരിയയിലെത്തിയത്.

38 വയസ്സുകാരനായ പ്രജീഷ് പത്തു വർഷങ്ങൾക്കു മുൻപാണ് കപ്പലിലെ ജോലിയിൽ പ്രവേശിച്ചത്. പ്രജീഷടക്കം അഞ്ച് ഇന്ത്യക്കാരും, പതിനേഴ് വിദേശികളും ഉൾപ്പെടെ ഇരുപത്തി രണ്ട് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കേരളത്തിൻ്റെ ചരിത്ര ദൗത്യത്തിന് തുടക്കം കുറിക്കുന്ന മുഹൂർത്തത്തിൽ തൻ്റെ മകനും പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് പ്രജീഷിൻ്റെ രക്ഷിതാക്കൾ പറഞ്ഞു.

വാണിയംകുളം അങ്ങാടിയിൽ അജീഷ് നിവാസിൽ ഗോവിന്ദരാജിൻ്റെയും ശശി പ്രഭയുടെയും മകനായ പ്രജീഷ് പോളി ടെക്നിക്ക് പഠനത്തിനുശേഷമാണ് മറൈൻ ഷിപ്പ് കോഴ്‌സ് പഠിച്ചത്. ജോലിയിൽ പ്രവേശിച്ച ശേഷം മൂന്ന് കമ്പനികൾക്ക് കീഴിൽ ജീവനക്കാരനായി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിലെ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷം തികയുന്നതിന് മുൻപാണ് ഈ അപൂർവ നിമിഷത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com