
ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ ഇരുരാജ്യങ്ങൾക്കും മുൻപ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. യുഎസ് പാകിസ്ഥാനിൽ കടന്ന് ഒസാമ ബിൻ ലാദനെ കൊലപ്പെടുത്തിയാൽ അത് നീതി നടപ്പാക്കലും ഇന്ത്യ അങ്ങനെ ചെയ്താൽ വെടിനിർത്തലുമെന്ന് പ്രകാശ് രാജിന്റെ എക്സ് പോസ്റ്റില്‍ പറയുന്നു.
"പ്രിയപ്പെട്ട പരമോന്നത നേതാവേ.. പാകിസ്ഥാനിൽ അഭയം പ്രാപിച്ച ഭീകരൻ ഒസാമ ബിൻ ലാദനെ കൊല്ലാൻ യുഎസ് അവിടെ കടന്നപ്പോൾ... അത് നീതി നടപ്പാക്കൽ. പക്ഷേ ഇന്ത്യ അതിന് ശ്രമിച്ചാൽ..വെടിനിർത്തൽ ??? എന്ത് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ അതിന് സമ്മതിച്ചത്?," പ്രകാശ് രാജ് എക്സിൽ കുറിച്ചു. ടർബൻ ധരിച്ച് നിൽക്കുന്ന ട്രംപിന് ഇരുവശത്തും നിൽക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്‍റെയും നരേന്ദ്ര മോദിയുടേയും ചിത്രം സഹിതമാണ് പ്രകാശ് രാജ് പോസ്റ്റ് പങ്കുവെച്ചത്.
ട്രംപ് ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ യാഥാർഥ്യമായെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയും പ്രകാശ് രാജ് എക്സ് പോസ്റ്റിലൂടെ മോദിയേയും പാകിസ്ഥാൻ ഭീകരരേയും പരിഹസിച്ചിരുന്നു. മോദിക്കും പാകിസ്ഥാനിലെ ഭീകര നേതാക്കൾക്കും സാമാന്യബുദ്ധിയും വിവേകവും ഇല്ലാ എന്നല്ലേ ട്രംപ് പറഞ്ഞത് എന്നായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്.
ഓപ്പറേഷൻ സിന്ദൂരും വെടിനിർത്തലും ചർച്ച ചെയ്യാന്‍ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി മോദിക്ക് എഴുതിയ കത്തിലും ഡൊണാൾഡ് ട്രംപാണ് ആദ്യം വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് എടുത്തുപറയുന്നു. പ്രധാനമന്ത്രിക്കുള്ള കത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടലില്ല എന്നാണ് കേന്ദ്ര നിലപാട്. എന്നാൽ, സംഘർഷം അവസാനിച്ചെന്നും വെടിനിർത്തൽ യാഥാർഥ്യമായെന്നും ആദ്യം പ്രഖ്യാപിച്ചത് ട്രംപാണ്. അതിന് സാധ്യമായത് രാത്രി മുഴുവൻ നീണ്ട യുഎസ് മധ്യസ്ഥതയിലുള്ള ചർച്ചയിലാണെന്നായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ അവകാശവാദം. ഇരുരാജ്യത്തിലേയും നേതാക്കൾ സമാന്യബുദ്ധിയും സാമർഥ്യവും പ്രകടിപ്പിച്ചതിൽ ട്രംപ് സന്തോഷവും പങ്കുവെച്ചു. ഇന്ത്യ ഈ അവകാശവാദം തള്ളുമ്പോഴും കശ്മീർ വിഷയത്തിൽ പരിഹാരം കാണുന്നതിനായി ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ പ്രവർത്തിക്കുമെന്ന പ്രസ്താവനയുമായി ട്രംപ് വീണ്ടും എത്തി.