
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖർഗെയുടെ ആവശ്യത്തെ വിമർശിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകള്‍ ശർമിഷ്ഠ മുഖർജി. മന്‍മോഹന് സ്മാരകം ആവശ്യപ്പെട്ട് ഖർഗെ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രണബ് മുഖർജിക്ക് സ്മാരകം പണിയാനോ അനുശോചനയോഗം നടത്താനോ പാർട്ടി തയ്യാറായില്ലെന്ന വിമർശനവുമായി ശർമിഷ്ഠ രംഗത്തെത്തിയത്.
2020 ഓഗസ്റ്റിൽ തന്റെ പിതാവും മുൻ ഇന്ത്യൻ പ്രസിഡന്റുമായ പ്രണബ് മുഖർജി മരിച്ചപ്പോൾ, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി) അനുശോചന യോഗം വിളിക്കാൻ പോലും നേതൃത്വം മെനക്കെട്ടില്ലെന്ന് ശർമിഷ്ഠ എക്സില്‍ കുറിച്ചു. കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും അവർ ആരോപിച്ചു. ഇന്ത്യന്‍ പ്രസിഡന്‍റുമാർക്കായി ഇത്തരത്തിലൊരു ചടങ്ങ് നടത്താറില്ലെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് അറിയിച്ചതായും ശർമിഷ്ഠ പറയുന്നു. കോൺഗ്രസ് നേതാവിന്റെ ഈ യുക്തിയെ 'തികച്ചും അസംബന്ധം' എന്നാണ് അവർ വിശേഷിപ്പിച്ചത്. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ മരണശേഷം സി.ഡബ്ല്യു.സി യോഗം വിളിച്ചതായും അനുശോചന സന്ദേശം തയ്യാറാക്കിയത് തന്‍റെ പിതാവ് തന്നെയാണെന്നും അദ്ദേഹത്തിന്‍റെ ഡയറിക്കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കിയതായും ശർമിഷ്ഠ മുഖർജി കൂട്ടിച്ചേർത്തു.
ഗാന്ധി കുടുംബത്തിന് വെളിയിലുള്ള ആരെയും 'രാഷ്ട്രതന്ത്രജ്ഞരായി' കോണ്‍ഗ്രസ് പരിഗണിക്കാറില്ലെന്ന ബിജെപി നേതാവ് സി.ആർ. കേശവന്‍റെ പോസ്റ്റിനേപ്പറ്റിയും ശർമിഷ്ഠ പറയുന്നുണ്ട്. ഇതിനോടൊപ്പം, മന്‍മോഹന്‍ സിങ്ങിന്‍റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു എഴുതിയ ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങളും തന്‍റെ വാദങ്ങള്‍ സാധൂകരിക്കാന്‍ അവർ ഉപയോഗിക്കുന്നുണ്ട്. 2004ല്‍ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു മരിച്ചപ്പോള്‍ അദ്ദേഹത്തിന് ഡല്‍ഹിയില്‍ സ്മാരകം പണിയുന്നതിന് കോണ്‍ഗ്രസ് മുന്‍കയ്യെടുത്തില്ലെന്നാണ് സഞ്ജയ് ബാരു എഴുതിയിരുന്നത്. റാവുവിന്‍റെ മൃതദേഹം ഡല്‍ഹിയില്‍ സംസ്കരിക്കാനും കോണ്‍ഗ്രസ് തയ്യാറായില്ലെന്നാണ് പുസ്തകം പറഞ്ഞുവയ്ക്കുന്നത്.
അതേസമയം, കോണ്‍ഗ്രസിന്‍റെ ആവശ്യം അംഗീകരിച്ച കേന്ദ്ര സർക്കാർ മൻമോഹൻ സിങ്ങിന് യമുനാ തീരത്ത് സ്മാരകം പണിയാൻ സ്ഥലം അനുവദിക്കുമെന്ന് അറിയിച്ചു. അന്തിമകർമങ്ങൾക്ക് ശേഷം ട്രസ്റ്റ് രൂപീകരിച്ച് ഭൂമികൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് കോൺഗ്രസ് പാർട്ടിയെയും കുടുംബത്തെയും വിവരം അറിയിച്ചത്.
വ്യാഴാഴ്ച രാത്രിയോടെയാണ് മന്‍മോഹന്‍ സിങ് അന്തരിച്ചത്. ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും വൈകുന്നേരത്തോടെ എയിംസില്‍ എത്തിയിരുന്നു. മന്‍മോഹന്‍ സിങ്ങിന്‍റ സംസ്കാരം ഇന്ന് രാവിലെ പത്തു മണിയോടെ നടക്കും. ഡല്‍ഹി യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടക്കുക.