തന്ത്രം മെനയാന്‍ പ്രതിഫലം 100 കോടി രൂപ; പത്ത് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത് തന്റെ തന്ത്രങ്ങള്‍ അനുസരിച്ചെന്ന് പ്രശാന്ത് കിഷോര്‍

വിവിധ സംസ്ഥാനങ്ങളിലെ പത്ത് സര്‍ക്കാരുകള്‍ തന്റെ തന്ത്രങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പ്രശാന്ത് കിഷോര്‍
തന്ത്രം മെനയാന്‍  പ്രതിഫലം 100 കോടി രൂപ; പത്ത് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത് തന്റെ തന്ത്രങ്ങള്‍ അനുസരിച്ചെന്ന് പ്രശാന്ത് കിഷോര്‍
Published on

പാര്‍ട്ടിയും നേതാവും ഏതുമാകട്ടെ, തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ ഉപദേശിക്കാന്‍ വാങ്ങുന്ന പ്രതിഫലം വെളിപ്പെടുത്തി പ്രശാന്ത് കിഷോര്‍. മുന്‍ തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും ജന്‍ സൂരജ് പാര്‍ട്ടിയുടെ കണ്‍വീനറുമാണ് പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉപദേശിക്കാന്‍ നൂറ് കോടിയാണ് ഇദ്ദേഹം പ്രതിഫലം വാങ്ങുന്നത്.

ബിഹാര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബേലാഗഞ്ചില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിയിരുന്നു തന്റെ പ്രതിഫലത്തെ കുറിച്ചുള്ള പ്രശാന്ത് കിഷോറിന്റെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന ചോദ്യം പലപ്പോഴും നേരിടേണ്ടി വരാറുണ്ടെന്ന് പരാമര്‍ശിച്ചു കൊണ്ടായിരുന്നു വെളിപ്പെടുത്തല്‍.

വിവിധ സംസ്ഥാനങ്ങളിലെ പത്ത് സര്‍ക്കാരുകള്‍ തന്റെ തന്ത്രങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. ഒരു തെരഞ്ഞെടുപ്പില്‍ മാത്രം ഒരാള്‍ക്ക് തന്ത്രങ്ങള്‍ നിര്‍ദേശിക്കാന്‍ പ്രതിഫലം നൂറ് കോടിയാണ്. ചിലപ്പോള്‍ അതില്‍ കൂടുതല്‍ ലഭിക്കും. ബിഹാറില്‍ തന്നെക്കാള്‍ പ്രതിഫലം വാങ്ങുന്ന ആരുമുണ്ടാകില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന പ്രതിഫലം കൊണ്ട് അടുത്ത രണ്ട് വര്‍ഷം തനിക്ക് പ്രചരണം നടത്താമെന്നും പ്രശാന്ത് കിഷോര്‍ അവകാശപ്പെട്ടു. ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലാണ് പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് മത്സരിക്കുന്നത്. ബേലാഗഞ്ചില്‍ മുഹമ്മദ് അജ്മല്‍ ആണ് ജന്‍ സൂരജിന്റെ സ്ഥാനാര്‍ഥി. ഇമാംഗഞ്ചില്‍ ജിതേന്ദ്ര പാസ്വാനും രംനഗറില്‍ സുശീല്‍ കുമാര്‍ സിങ് കുശ്വാഹ, തരാരിയില്‍ കിരണ്‍ സിംഗുമാണ് സ്ഥാനാര്‍ഥികള്‍.

നവംബര്‍ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം നവംബര്‍ 23 ന് പുറത്തുവരും. ബിജെപി, ജെഡിയു, ഐഎന്‍സി, എഎപി, വൈഎസ്ആര്‍സിപി, ഡിഎംകെ, ടിഎംസി എന്നീ പാര്‍ട്ടികള്‍ക്കു വേണ്ടി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ നരേന്ദ്ര മോദിയെ മൂന്നാമതും ഗുജറാത്ത് മുഖ്യമന്ത്രിയായി എത്തിക്കുക എന്നതായിരുന്നു പ്രശാന്ത് കിഷോറിന്റെ ആദ്യത്തെ പ്രധാന രാഷ്ട്രീയ ദൗത്യം. നരേന്ദ്രമോദിയുടെ 2014 പൊതു തെരഞ്ഞെടുപ്പ് വിജയത്തോടെയാണ് കൂടുതല്‍ ജനശ്രദ്ധ നേടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com