'അക്രമികളെത്തിയത് ബോഡി ക്യാമറ ധരിച്ച്, സംഘത്തിലുണ്ടായിരുന്നത് 6 പേർ'; പഹൽഗാം ഭീകരാക്രമണത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

വെടിവെപ്പ് തുടങ്ങി അരമണിക്കൂറിന് ശേഷം മാത്രമാണ് പൊലീസിന് വിവരം ലഭിച്ചത്. അതുവരെ പ്രാദേശികവാസികളായിരുന്നു രക്ഷാപ്രവർത്തനം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു
'അക്രമികളെത്തിയത് ബോഡി ക്യാമറ ധരിച്ച്, സംഘത്തിലുണ്ടായിരുന്നത് 6 പേർ'; പഹൽഗാം ഭീകരാക്രമണത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്
Published on

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. സംഘത്തിൽ ആറ് ഭീകരവാദികളുണ്ടായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് സ്പോട്ടുകൾ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. പൈൻ വനത്തിൽ നിന്ന് വന്ന ഭീകരർ 10 മിനിട്ടോളം വെടിയുതിർത്തെന്നും ഭൂരിഭാഗം പേരെയും വെടിവെച്ചത് പോയിൻ്റ് ബ്ലാങ്ക്സിലെന്നും റിപ്പോർട്ടിൽ പറയുന്നു.

തീവ്രവാദികളിൽ ചിലർക്ക് മാത്രമാണ് സൈനിക വേഷമുണ്ടായിരുന്നതെന്ന് ഇന്ന് പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അക്രമകാരികൾ എത്തിയത് പട്ടാളവേഷത്തിലല്ലെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. ഈ മൊഴിയെ റിപ്പോർട്ട് സാധൂകരിക്കുന്നു. തോക്കുധാരികളായെത്തിയവരുടെ ശരീരത്തിൽ ബോഡിക്യാമറയുണ്ടായിരുന്നെന്ന നിർണായക വിവരവും റിപ്പോർട്ടിലുണ്ട്.

ഉച്ചയ്ക്ക് 1.50ഓടെയാണ് ഭീകരവാദികൾ ആദ്യം വെടിയുതിർക്കുന്നത്. വെടിവെപ്പ് തുടങ്ങി അരമണിക്കൂറിന് ശേഷം മാത്രമാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസെത്തുന്നത് വരെ പ്രാദേശികവാസികളായിരുന്നു രക്ഷാപ്രവർത്തനം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾ കളിച്ചിരുന്ന സ്ഥലം, സഞ്ചാരികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ഥലം, ആളുകൾ ഫോട്ടോയെടുത്തുകൊണ്ടിരുന്ന ഫോട്ടോ പോയിൻ്റ് എന്നിങ്ങനെ മൂന്ന് സ്പോട്ടുകൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.

വിനോദസഞ്ചാരികളുടെ അടുത്തെത്തി, പല കാര്യങ്ങളും ചോദിച്ച് മനസിലാക്കിയ ശേഷമായിരുന്നു ആക്രമണം. ഭൂരിഭാഗം പേരെയും വെടിവെച്ചത് പോയിൻ്റ് ബ്ലാങ്കിൽവെച്ചാണ്. നിരവധി റൗണ്ട് വെടിയുതിർത്ത ശേഷം ഭീകരവാദികൾ വനത്തിലേക്ക് ഓടി രക്ഷപെട്ടെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. 

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടാവുന്നത്. വിനോദ സഞ്ചാരികളായ 25 പേരും ആക്രമണം തടയാന്‍ ശ്രമിച്ച കശ്മീരി യുവാവുമാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് ഭീകരര്‍ അക്രമം അഴിച്ചുവിട്ടത്.

പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രാധനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. ഇന്ത്യയിലെ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് 48 മണിക്കൂര്‍ മാത്രമാണ് രാജ്യം വിടാന്‍ സമയം നല്‍കിയിരിക്കുന്നത്. ഇനി പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്നും വ്യക്തമാക്കിയ രാജ്യം സിന്ദു നദീജല കരാറും റദ്ദാക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com