
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് റിപ്പോർട്ട് പുറത്ത്. റെയിൽവേയെ പ്രതിക്കൂട്ടിലാക്കി കൊണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഡൽഹി പൊലീസ് തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കൈമാറി. പ്ലാറ്റ്‌ഫോം മാറിയെന്ന അനൗൺസ്മെൻ്റാണ് അപകട കാരണമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ആർപിഎഫ് ഉദ്യോഗ്രസ്ഥർ ജാഗ്രത പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ കേന്ദ്രമന്ത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി.
ഇന്നലെ രാത്രി 9.55ഓടെയാണ് അപകടം നടന്നത്. 13, 14പ്ലാറ്റ് ഫോമുകളിലുണ്ടായ വൻ തിരക്കാണ് ദുരന്തത്തിന് ഇടയാക്കിയത്. 18പേരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ അധികവും ബിഹാർ സ്വദേശികളാണ്. ബിഹാറിൽ നിന്നുള്ള 9പേരാണ് മരിച്ചത്. 8 പേർ ഡൽഹിയിൽ നിന്നുള്ളവരും,ഒരാൾ ഹരിയാന സ്വദേശിയുമാണ്.ആളുകളുടെ പേര് വിവരങ്ങളും റെയിൽവേ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
മരിച്ചവരുടെ ബന്ധുകൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മഹാ കുംഭമേള പ്രമാണിച്ചുള്ള പ്രത്യേക ട്രെയിനായ പ്രയാഗ്‌രാജ് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോം 16-ൽ എത്തുമെന്ന് അനൗൺസ്‌മെൻ്റ് ചെയ്തു. പക്ഷേ ട്രെയിൻ ഇതിനോടകം തന്നെ പ്ലാറ്റ്‌ഫോം 14-ൽ എത്തിയിരുന്നു.പ്ലാറ്റ്‌ഫോം 14-ൽ ട്രെയിനിൽ എത്താൻ കഴിയാത്ത ആളുകൾ തങ്ങളുടെ ട്രെയിൻ പ്ലാറ്റ്‌ഫോം 16-ൽ എത്തിയതായി കരുതിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്.
ഇവരെ കൂടാതെ സ്റ്റേഷനിൽ സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജധാനി എന്നീ രണ്ട് ട്രെയിനുകളിൽ കയറാൻ നിരവധി ആളുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു. ട്രെയിൻ പുറപ്പെടുന്നതിൽ കാലതാമസം നേരിട്ടതും, ഏകദേശം 1,500 ജനറൽ ടിക്കറ്റുകൾ വിറ്റതും തിരക്കിൻ്റെ ആഘാതം വർധിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.