
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ചൻ്റെ ജന്മഗൃഹമായ തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കല, സാഹിത്യ മേഖലകളിലെ 40ലധികം എഴുത്താശാന്മാരാണ് അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു നൽകാനായി തുഞ്ചൻ പറമ്പിലേക്കെത്തുക.
ഭാഷാ പിതാവിൻ്റെ മണ്ണിൽ ആദ്യാക്ഷരം കുറിക്കാൻ വിജയദശമി ദിനത്തിൽ നാലായിരത്തോളം കുരുന്നുകൾ എത്തും. നാവിൽ സ്വർണ്ണമോതിരം കൊണ്ട് ആദ്യാക്ഷരം കുറിച്ചു നൽകാൻ കല, സാഹിത്യ രംഗത്തെ 40 ലധികം എഴുത്താശാൻ മാരും പരമ്പരാഗത എഴുത്താശാൻമാരും തുഞ്ചൻ പറമ്പിലുണ്ടാകും. ഇതിനായി സരസ്വതി മണ്ഡപത്തിലും കൃഷ്ണശില മണ്ഡപത്തിലും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.
മതേതര കേരളത്തിൻ്റെ ഈ അക്ഷര ആഘോഷത്തോടൊപ്പം കവികളുടെ വിദ്യാരംഭവും തുഞ്ചൻ ഓഡിറ്റോറിയത്തിൽ നടക്കും.