ഹാലോവീൻ ആഘോഷത്തിനായി ഒരുങ്ങി ലോകം; ചിരിപ്പിച്ചും പേടിപ്പിച്ചും മെക്സിക്കോ സിറ്റി കയ്യടക്കി സോംബികൾ

അമേരിക്കൻ - ഏഷ്യൻ സിനിമകളിലെ മങ്ങിയ നിറങ്ങളണിഞ്ഞ പതിവ് സോംബികളിൽ നിന്ന് വ്യത്യസ്തരായിരുന്നു കളർഫുൾ വേഷവിധാനങ്ങളണിഞ്ഞ മെക്സിക്കൻ സോംബികൾ
ഹാലോവീൻ ആഘോഷത്തിനായി ഒരുങ്ങി ലോകം; ചിരിപ്പിച്ചും പേടിപ്പിച്ചും മെക്സിക്കോ സിറ്റി കയ്യടക്കി സോംബികൾ
Published on



ഒക്ടോബർ 31 ലെ ഹാലോവീൻ ആഘോഷത്തിനായി ഒരുക്കങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിലായി ആരംഭിച്ചു കഴിഞ്ഞു. മെക്സിക്കോയിലും 'ഡേ ഓഫ് ദ ഡെഡ്' അതായത് മരണപ്പെട്ടവരുടെ ദിനം എന്ന നിലയിൽ ആഘോഷിക്കുന്ന ഹാലോവീനുവേണ്ടിയുള്ള ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. അതിന്റെ വരവറിയിച്ച് സോംബികളും കഴിഞ്ഞദിവസം മെക്സിക്കോ സിറ്റി കയ്യടക്കി.

അമേരിക്കൻ - ഏഷ്യൻ സിനിമകളിലെ മങ്ങിയ നിറങ്ങളണിഞ്ഞ പതിവ് സോംബികളിൽ നിന്ന് വ്യത്യസ്തരായിരുന്നു കളർഫുൾ വേഷവിധാനങ്ങളണിഞ്ഞ മെക്സിക്കൻ സോംബികൾ. എല്ലാ പ്രായത്തിലുമുള്ള സോംബികൾ, റോഡരികത്ത് നിന്ന കാണികളെ പേടിപ്പിച്ചും ചിരിപ്പിച്ചും ആഘോഷം പൊലിപ്പിച്ചു. 2001 ൽ കാലിഫോർണിയയിലാണ് ഈ സോംബീ റാലിക്ക് തുടക്കമായതെങ്കിലും ഇന്ന് ന്യൂയോർക്കിലെയും ചിലിയിലെയും സിംഗപൂരിലെയും സാവോ പോളോയിലെയും സോംബി ആരാധകർ എല്ലാവർഷവും ഈ പതിവ് പിന്തുടരുന്നുണ്ട്.

ന്യൂയോർക്കിന്റെ തെരുവുകളിൽ താരം, നായ്ക്കുട്ടന്മാരായിരുന്നു. തോംപ്കിൻസ് സ്ക്വയര്‍ പതിവുപോലെ നടന്ന ഹാലോവീൻ പരേഡിൽ തങ്ങളുടെ നായ്ക്കുട്ടന്മാരെ പലവേഷങ്ങളിലൊരുക്കി ജനമൊത്തുകൂടി. സ്പോർട്സ് ജേഴ്സികളും സ്യൂട്ടും കോട്ടുമിട്ടും നായ്ക്കുട്ടന്മാർ പരേഡ് നടത്തി. കുടുംബത്തോടെ തന്നെ ആഘോഷത്തിൽ പങ്കെടുത്തവരുമേറെ. ഇന്നും ഇന്നലെയുമൊന്നുമല്ല 34 വർഷമായി ഹാലോവീനുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ നടക്കുന്ന ആഘോഷമാണ് ഈ പരേഡ്.

കൊറിയൻ സോംബീ ചിത്രം ട്രെയിൻ ടു ബുസാനെ ഓർമ്മിപ്പിക്കുന്നതായിരുന്നു ജപ്പാൻറെ ഹാലോവീൻ ആഘോഷം. ടോക്കിയോയിൽ നിന്ന് ഒസാക്കയിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ കയ്യേറിയ സോംബികളെ കണ്ട് പക്ഷേ യാത്രക്കാർ നിലവിളിച്ചില്ല, പകരം കൗതുകത്തോടെ എല്ലാം ഫോണിൽ പകർത്തി. 33000 മുതൽ 55000 യെൻ വരെയാണ് ഈ പ്രത്യേക ട്രെയിൻ അനുഭവത്തിനുവേണ്ടി അവരിലോരോരുത്തരും മുടക്കിയത്. രാജ്യത്തെ ആദ്യത്തെ ഹോണ്ടഡ് ഹൗസ് സംരംഭമായിരുന്നു ഇത്. ജപ്പാനിലെ യൂണിവേഴ്സൽ സ്റ്റുഡിയോസാണ് ഈ ആഘോഷകത്തിനുവേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com