കോഴിക്കോട് നടുവണ്ണൂരിൽ കിണറുകളിൽ ഡീസൽ സാന്നിധ്യം

കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്തവിധം കിണറുകളിൽ ഡീസൽ നിറഞ്ഞിരിക്കുകയാണ്
കോഴിക്കോട് നടുവണ്ണൂരിൽ കിണറുകളിൽ ഡീസൽ സാന്നിധ്യം
Published on

കോഴിക്കോട് നടുവണ്ണൂരിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് കീഴിലുള്ള പമ്പിനടുത്തുള്ള വീടുകളിലെ കിണറുകളിൽ ഡീസൽ കലർന്നതായി പരാതി. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് നടുവണ്ണൂർ ജവാൻ ഷൈജു ബസ് സ്റ്റോപ്പിനടുത്തുള്ള വീടുകളിലെ കിണറുകളിലെ വെള്ളത്തിന്റെ അവസ്ഥ ശോചനീയമാണ്. കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്തവിധം ഡീസൽ നിറഞ്ഞിരിക്കുകയാണ് കിണറുകളിൽ. ഇന്ത്യൻ ഓയിൽ കോർപറേഷന് കീഴിലുള്ള പി.പി.സൺസ് പെട്രോൾ പമ്പിനടുത്തുള്ള വീടുകളിലെ കിണറുകളിലാണ് ഡീസൽ കലർന്നത്. പ്രശ്നം രൂക്ഷമായതോടെ, പമ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ പഞ്ചായത്ത് ഉത്തരവിട്ടിട്ടുണ്ട്.

കിണറുകളിലേക്ക് ഡീസൽ കലരുന്നത് വലിയ അപകട സാധ്യതയാണ് നിലനിർത്തുന്നത്. മറ്റ് ജല സ്രോതസുകളിലേക്കും ഡീസൽ കലരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

കിണറുകളിൽ ഡീസൽ കലർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. അടിയന്തരമായി പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നത് നിർത്തി വയ്ക്കണമെന്നും കുടിവെള്ളം മലിനമായ വീടുകളിൽ പമ്പുടമ ശുദ്ധജലം വിതരണം ചെയ്യണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കിണർ വെള്ളം ഉപയോഗിച്ച നിരവധി ആളുകൾക്ക് വയറിളക്കവും ഛർദിയും ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരുന്നു. വിഷയത്തിൽ അടിയന്തിര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കർമ്മ സമിതി രൂപീകരിച്ചിരിക്കുകയാണ് പ്രദേശവാസികൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com