
അധ്യാപികയായെത്തി വിദ്യാർഥികൾക്ക് ക്ലാസെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവനിലെ തൻ്റെ രണ്ടാം വാർഷികമാണ് മുർമു വ്യത്യസ്ത രീതിയിൽ ആഘോഷിച്ചത്. സ്കൂളിലെത്തിയ രാഷ്ട്രപതി ആഗോള താപനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ വിദ്യാർഥികളുമായി സംസാരിച്ചു. ഡൽഹിയിലെ ഡോക്ടർ രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാർഥികളുമായാണ് രാഷ്ട്രപതി സംവദിച്ചത്.
വിദ്യാർഥികളോട് അവരുടെ സ്വപ്നങ്ങളെക്കുറിച്ചും അവർ ഇഷ്ടപ്പെടുന്ന വിഷയങ്ങളെക്കുറിച്ചും ചോദിച്ചായിരുന്നു രാഷ്ട്രപതി സംവാദം ആരംഭിച്ചത്. വിദ്യാർഥികൾ ശാസ്ത്രജ്ഞരും ഡോക്ടർമാരുമാകാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞതിന് ശേഷം ദ്രൗപതി മുർമു വലിയ രീതിയിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത വിദ്യാർഥികളിലെത്തിക്കുക എന്നതായിരുന്നു രാഷ്ട്രപതിയുടെ പ്രധാന ലക്ഷ്യം. ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ദ്രൗപതി മുർമു കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം കുറയ്ക്കുന്നതിനായി കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച 'ഏക് പേട് മാ കേ നാം' പദ്ധതിയെക്കുറിച്ചും മുർമു സംസാരിച്ചു, കൂടാതെ വിദ്യാർഥികളോട് അവരുടെ ജന്മദിനത്തിൽ ഒരു മരം നടാനും അവർ ആവശ്യപ്പെട്ടു.
"നിങ്ങളുമായി സമയം ഞാൻ ശരിക്കും ആസ്വദിച്ചു. നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ എനിക്ക് അവസരം ലഭിച്ചു. നിങ്ങൾ 9-ാം ക്ലാസ്സിൽ പഠിക്കുന്നു, ആഗോളതാപനത്തിൻ്റെ ആഘാതത്തെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. നിങ്ങൾ വലുതാകുമ്പോൾ ആഗോളതാപനം കുറയുമെന്ന് എനിക്കുറപ്പുണ്ട്" സംവാദം പൂർത്തിയാക്കികൊണ്ട് മുർമു പറഞ്ഞു.