

അക്കാദമിക്, ഭരണ രംഗങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ച അപൂർവ രാഷ്ട്രീയക്കാരിൽ ഒരാളെന്നാണ് രാഷ്ട്രപതി ദ്രൗപതി മുർമു മൻമോഹൻ സിങ്ങിനെ ഓർമിക്കുന്നത്. കളങ്കമില്ലാത്ത രാഷ്ട്രീയ ജീവിതത്തിൻ്റെ പേരിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുമെന്നും രാഷ്ട്രപതി എക്സ് പോസ്റ്റിൽ കുറിച്ചു.
അക്കാദമിക ലോകത്തും ഭരണരംഗത്തും ഒരേപോലെ മികവ് തെളിയിച്ച അപൂർവ രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു മൻമോഹൻ സിങ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് അദ്ദേഹം നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സേവനത്തിൻ്റെയും, കളങ്കമില്ലാത്ത രാഷ്ട്രീയ ജീവിതത്തിൻ്റെയും, വിനയത്തിൻ്റെയും പേരിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.
മൻമോഹൻ സിങ്ങിൻ്റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്ടമാണ്. ഭാരതത്തിൻ്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാൾക്ക് ആദാരാജ്ഞലികൾ. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും രാഷ്ട്രപതി കുറിച്ചു.
ALSO READ: ഇന്ത്യൻ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്, രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍: വി.ഡി. സതീശൻ
വ്യാഴാഴ്ച രാത്രി 9.51 നായിരുന്നു മന്‍മോഹന്‍ സിങ് വിടവാങ്ങിയത്. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയില്‍ നവസാമ്പത്തിക ക്രമം ചിട്ടപ്പെടുത്തിയയാള്‍ എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ആരോഗ്യ മിഷന്‍, ആധാര്‍ എന്നിവ നടപ്പാക്കിയ പ്രധാനമന്ത്രി. വിശേഷണങ്ങള്‍ അനവധിയാണ് മന്‍മോഹന്‍ സിങ്ങിന്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, യുജിസി ചെയര്‍മാന്‍, ധനസെക്രട്ടറി തുടങ്ങിയ പദവികളിലെല്ലാം മികവു തെളിയിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.
ALSO READ:സാധാരണക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി; മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് നരേന്ദ്ര മോദി
2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച മന്‍മോഹന്‍ സിങ്ങിന്റെ കാലത്തായിരുന്നു രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് ഏറ്റവും അംഗീകാരം ലഭിച്ചത്.