
ദ്വീപ് രാഷ്ട്രത്തിൽ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) അവതരിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു അറിയിച്ചു. മന്ത്രിസഭയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം. മുയിസുവിന്റെ ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെയാണ് പുതിയ നീക്കം. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൻ്റെ വികസനത്തിൽ സഹകരിച്ച് പ്രവർത്തിക്കാമെന്ന് സന്ദർശന വേളയിൽ ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ സഹകരണത്തോടെയാണ് പുതിയ നീക്കങ്ങൾക്ക് മാലിദ്വീപ് പദ്ധതിയിടുന്നത്.
യുപിഐയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സാമ്പത്തിക വികസന വാണിജ്യ മന്ത്രി മന്ത്രിസഭാ യോഗത്തിൽ സമർപ്പിച്ചിരുന്നു. ഇത് വിശദമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. മാലിദ്വീപിൽ യുപിഐ അവതരിപ്പിക്കുന്നതിനായി ഒരു കൺസോർഷ്യം രൂപീകരിക്കാനും പ്രസിഡൻ്റ് മുയിസു നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾ, ടെലികോം കമ്പനികൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ഫിൻടെക് കമ്പനികൾ എന്നിവയെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തും.
പ്രമുഖ ഏജൻസിയായ ട്രേഡ്നെറ്റ് മാലിദ്വീപ് കോർപ്പറേഷൻ ലിമിറ്റഡിനെ കൺസോർഷ്യത്തിൻ്റെ മുൻനിര ഏജൻസിയായി നിയമിച്ചതായും പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ യുപിഐ മേൽനോട്ടത്തിനായി സാമ്പത്തിക വികസന വാണിജ്യ മന്ത്രാലയം, ആഭ്യന്തര സുരക്ഷാ സാങ്കേതിക മന്ത്രാലയം, മാലിദ്വീപ് മോണിറ്ററി അതോറിറ്റി എന്നിവ ഉൾപ്പെടുന്ന ഒരു ഇൻ്ററാജൻസി കോർഡിനേഷൻ ടീമിനെ രൂപീകരിക്കാനും തീരുമാനമായതായി പ്രസ്താവനയിൽ അറിയിച്ചു. മുയിസുവിന്റെ പുതിയ തീരുമാനം മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.