യുക്രെയ്നിലെ കിഴക്കൻ മേഖലയിൽ റഷ്യ ശക്തമായ മുന്നേറ്റം നടത്തി; അവകാശവാദവുമായി പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ

അതേസമയം റഷ്യയുടെ ന്യൂക്ലിയർ ക്രൂയിസ് മിസൈലിൻ്റെ സ്ഥാനം കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസ് ഗവഷകർ രംഗത്തുവന്നിട്ടുണ്ട്
യുക്രെയ്നിലെ കിഴക്കൻ മേഖലയിൽ റഷ്യ ശക്തമായ മുന്നേറ്റം നടത്തി; അവകാശവാദവുമായി പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ
Published on

യുക്രെയ്നിലെ കിഴക്കൻ മേഖലയിൽ റഷ്യ ശക്തമായ മുന്നേറ്റം നടത്തിയെന്ന അവകാശവാദവുമായി പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. എന്നാൽ ഈ ആരോപണം  യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി  നിഷേധിച്ചു. അതേസമയം റഷ്യയുടെ ന്യൂക്ലിയർ ക്രൂയിസ് മിസൈലിൻ്റെ സ്ഥാനം കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസ് ഗവേഷകർ രംഗത്തുവന്നിട്ടുണ്ട്.

യുക്രെയ്നിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തുന്നുവെന്നായിരുന്നു വ്ളാഡിമിർ പുടിൻ്റെ പ്രതികരണം. ഓരോ ദിവസവും കിലോമീറ്ററുകളോളം പ്രദേശം റഷ്യ കീഴടക്കുന്നുവെന്നും യുക്രെയ്ൻ സൈന്യത്തിന് വലിയ ആക്രമണമാണ് നേരിടേണ്ടി വരുന്നതെന്നും പുടിൻ പറഞ്ഞിരുന്നു. എന്നാൽ പുടിൻ്റെ വാദങ്ങളെ തള്ളി യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കി രംഗത്തെത്തി. കിഴക്കൻ മേഖലയിൽ പോരാട്ടം ശക്തമാണെന്ന് സമ്മതിച്ച സെലൻസ്കി കഴിഞ്ഞ രണ്ടു ദിവസമായി റഷ്യയ്ക്ക് മേഖലയിൽ മുന്നേറ്റം നടത്താൻ സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

അതിനിടെ യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യ കൈക്കലാക്കിയ സപ്പോരിജിയ ആണവനിലയം അന്താരാഷ്ട്ര ആണവ ഏജൻസിയുടെ മേധാവി റഫേൽ ഗ്രോസി സന്ദർശിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ശേഷം റഫേൽ ഗ്രോസി, സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. ആണവാക്രമണം തടയുന്നതിനാണ് ഏജൻസി ശ്രമിക്കുന്നതെന്നും അതിനായി എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും റഫേൽ ഗ്രോസി എക്സിൽ വ്യക്തമാക്കിയിരുന്നു. ആണവനിലയത്തിനുനേരെ വ്യോമാക്രമണം ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം.


അതേസമയം റഷ്യയുടെ ന്യൂക്ലിയർ ക്രൂയിസ് മിസൈലായ 9M370 ബ്യൂവാസ്നികിൻ്റെ (burevestnik) സ്ഥാനം കണ്ടെത്തിയെന്ന അവകാശവാദവുമായി യു എസിലെ രണ്ട് ഗവേഷകർ രംഗത്തെത്തിയിരുന്നു. മോസ്കോയിൽ നിന്ന് 475 കിലോമീറ്റർ വടക്ക് ഭാഗത്ത് വോളോഗ്ഡ -20 (VOLOGDA), ചെബ്സാര (CHEBSARA) എന്നീ രണ്ട് പേരുകളിൽ അറിയപ്പെടുന്ന ന്യൂക്ലിയർ വാർഹെഡ് സ്റ്റോറേജ് സൗകര്യത്തോട് ചേർന്നുള്ളിടത്താണ് നിർമാണമെന്നാണ് ഇവരുടെ വാദം. പ്ലാനറ്റ് ലാബ് ജൂലൈ 26 ന് എടുത്ത ചിത്രങ്ങൾ പരിശോധിച്ച ശേഷമായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com