
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാവുകയാണെന്നും വിലക്കയറ്റം തടയാൻ ദേശീയതലത്തിൽ വിപണിയിൽ ഇടപെടൽ നടക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിപണന രംഗത്തോട് അവഗണനയാണ്. കേരളം ഇതിനു ഒരു ബദൽ മാതൃകയാണ്. പൊതുവിപണി ഇടപെടൽ കൃത്യമായി നടന്നത് കേരളത്തിലാണെന്നും അദ്ദേഹം അറിയിച്ചു. സപ്ലൈകോയുടെ പ്രവർത്തനത്തിലൂടെ ജനങ്ങൾ സർക്കാർ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓണത്തോടനുബന്ധിച്ച് 13 സാധനങ്ങൾക്കാണ് സപ്ലൈക്കോ സബ്‌സിഡി നൽകുന്നത്. ഭക്ഷ്യമേഖലയിൽ മാത്രം 8 ശതമാനമാണ് വില കൂടിയത്. ദേശീയ തലത്തിൽ വിപണിയിൽ വിലക്കയറ്റം തടയാൻ ഒന്നും ചെയ്യുന്നില്ല. സബ്സിഡി പേരിനു മാത്രമായി ചുരുക്കിയിരിക്കുകയാണ്. വിലക്കയറ്റം തടയാൻ കാർഷിക മേഖലയിൽ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, വയനാട് ദുരന്ത പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ഓണം വലിയ ആഘോഷങ്ങളില്ലാതെയാവും ഇത്തവണ നടത്തുകയെന്നും സർക്കാരിൻ്റെ പരിപാടി മാത്രമേ ഒഴിവാക്കിയിട്ടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിൽ കൃത്യമായി പുനരധിവാസ നടപടികൾ നടക്കുന്നുണ്ട്. ക്യാമ്പുകളിൽ ഉള്ളവർക്ക് തൽക്കാലിക താമസം ഒരുക്കി കഴിഞ്ഞു. വയനാട് ദുരന്ത മേഖലയിലെ റേഷൻ കാർഡ് ഉടമകൾക്ക് ഓണ കിറ്റ് സൗജന്യമായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.