
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കി ബോളിവുഡ് നടി പ്രീതി സിന്റയുടെ 18 കോടി രൂപയുടെ കടം എഴുതി തള്ളിയെന്ന് വാര്‍ത്ത പങ്കുവെച്ച കേരളത്തിലെ കോണ്‍ഗ്രസിനെതിരെ നടി രംഗത്ത്. വ്യാജ വാര്‍ത്ത പങ്കുവെച്ചതിന് നാണമില്ലേ എന്നാണ് നടി ചോദിച്ചത്.
തിങ്കളാഴ്ചയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്‌സ് ഹാന്‍ഡിലില്‍ ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെക്കുന്നത്. ' അവര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കി 18 കോടി രൂപ കിട്ടി കടം എഴുതി തള്ളി. ആ ബാങ്ക് കഴിഞ്ഞയാഴ്ച തകര്‍ന്നു. നിക്ഷേപകര്‍ ഒക്കെ ഇപ്പോള്‍ അവരുടെ പണത്തിനായി തെരുവിലാണ്,' എന്നായിരുന്നു എക്‌സ് ഹാന്‍ഡിലില്‍ കോണ്‍ഗ്രസ് പങ്കുവെച്ചത്.
എന്നാല്‍ ഇതിനെതിരെ പ്രീതി സിന്റ തന്നെ രംഗത്തെത്തി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പ്രീതി സിന്റ കോണ്‍ഗ്രസി (കേരള) ന് മറുപടിയായി പങ്കുവെച്ചത്.
'വ്യാജ വാര്‍ത്ത പങ്കുവെച്ചതിലും അത് പ്രചരിപ്പിച്ചതിലും നിങ്ങള്‍ക്ക് നാണക്കേട് തോന്നില്ലേ. ആരും എനിക്ക് വേണ്ടി ഒരു ലോണോ ഒന്നും എഴുതി തള്ളിയിട്ടില്ല. ക്ലിക്ക് ബെയ്റ്റും എന്റെ പേരും ചിത്രവും ഉപയോഗിച്ച് കൊടുത്ത ഒരു വാര്‍ത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ പ്രതിനിധികളും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് കണ്ടതില്‍ ഞാന്‍ ശരിക്കും ഞെട്ടി പോയി,' പ്രീതി സിന്റ പങ്കുവെച്ചു.
താന്‍ ഒരു ലോണ്‍ എടുത്തിരുന്നെന്നും അത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുഴുവന്‍ തിരിച്ചടച്ചതാണെന്നും നടി വ്യക്തമാക്കി. ഭാവിയിലും എന്നെക്കുറിച്ചുള്ള എന്തെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാകാന്‍ ഇത് സാഹായിക്കുമെന്നും കരുതുന്നു എന്നും പ്രീതി സിന്റ കുറിച്ചു.