
രാജ്യത്ത് വർധിച്ചു വരുന്ന ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം എന്നിവയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡയറക്ടർ ജനറൽമാരുടെ 59-ാമത് അഖിലേന്ത്യാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് കോൺസ്റ്റബുലറിയുടെ ജോലിഭാരം കുറയ്ക്കുന്നതിന് സാങ്കേതിക വിദ്യയുടെ ഉപയോഗം വർധിപ്പിക്കണമെന്നും, പൊലീസ് സ്റ്റേഷനെ വിഭവശേഷിയുടെ കേന്ദ്രബിന്ദുവാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം എന്നിവ സൃഷ്ടിക്കുന്ന ഭീഷണികൾക്കുള്ള പ്രതിരോധ നടപടിയെന്ന നിലയിൽ, ഇന്ത്യയുടെ ഇരട്ട എഐ ശക്തിയായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ആസ്പിരേഷണൽ ഇന്ത്യ എന്നിവ പ്രയോജനപ്പെടുത്തി വെല്ലുവിളികളെ അവസരമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പൊലീസ് നേതൃത്വത്തോട് പറഞ്ഞു.
ബംഗ്ലാദേശ്, മ്യാൻമർ അതിർത്തിയിൽ ഉയർന്നുവരുന്ന സുരക്ഷാ ആശങ്കകൾ, നഗര പൊലീസിങ്ങിലെ മോശം പ്രവണതകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും നടന്നു. ഇതോടൊപ്പം തീവ്രവാദം, സാമ്പത്തിക സുരക്ഷ, കുടിയേറ്റം, തീരദേശ സുരക്ഷ, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെ നിലവിലുള്ളതും ഉയർന്നുവരുന്നതുമായ ദേശീയ സുരക്ഷാ വെല്ലുവിളികളെ കുറിച്ചും സമ്മേളനം ചർച്ച ചെയ്തതായി പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, മുംബൈയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന സത്രീയെ ഡിജിറ്റൽ അറസ്റ്റെന്ന വ്യാജേന വീഡിയോ കോളിൽ നഗ്നയാക്കിയ ശേഷം പണം തട്ടി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘമാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. കഴിഞ്ഞ മാസം നവംബർ 19,20 തീയതികളിലായിരുന്നു സംഭവം. ഭയന്നു പോയ പെൺകുട്ടി കള്ളപ്പണക്കേസിൽ അകപ്പെട്ടെന്ന ധാരണയിൽ തട്ടിപ്പുകാരുടെ നിർദേശങ്ങൾക്ക് വഴങ്ങുകയായിരുന്നു. ഡൽഹി പൊലീസ് ചമഞ്ഞെത്തിയ തട്ടിപ്പുകാർ പെൺകുട്ടിയെ ഹോട്ടലിൽ റൂം എടുക്കാൻ നിർബന്ധിക്കുകയും പിന്നാലെ 1.7 ലക്ഷം തട്ടിയെടുക്കുകയുമായിരുന്നു.