
മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തിയത്. ഗംഗാ നദിയിലൂടെ മോദി ബോട്ട് സവാരി നടത്തി. പിന്നീട് മന്ത്രങ്ങൾ ഉരുവിട്ട് ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു.
ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് മോദിയുടെ കുംഭമേള സന്ദർശനമെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് അതീവ സുരക്ഷയാണ് കുംഭമേളയിൽ ഏർപ്പെടുത്തിയിരുന്നത്. പ്രയാഗ്‌രാജിലെ മഹാ കുംഭത്തിൽ പങ്കെടുക്കാൻ സാധിച്ചത് അനുഗ്രഹീതമാണെന്ന് മോദി എക്സിൽ കുറിച്ചു.
"സംഗമത്തിലെ സ്‌നാനം ദൈവിക ബന്ധത്തിൻ്റെ നിമിഷമാണ്, അതിൽ പങ്കെടുത്ത കോടിക്കണക്കിന് ആളുകളെപ്പോലെ ഞാനും ഭക്തിയുടെ ആത്മാവിൽ നിറഞ്ഞു. ഗംഗാ മാതാവ് എല്ലാവരെയും സമാധാനവും ജ്ഞാനവും നല്ല ആരോഗ്യവും ഐക്യവും നൽകി അനുഗ്രഹിക്കട്ടെ", മോദി കൂട്ടിച്ചേർത്തു.