വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായാണ് സേനാ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
Published on


നിർണായകമായ ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരും യോഗത്തിൽ പങ്കെടുത്തു.



അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായാണ് സേനാ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. തുടർന്നും രാജ്യം സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗത്തിൽ ധാരണയായി.

അതേസമയം, വെടിനിർത്തലിന് ധാരണയിലെത്തിയെങ്കിലും തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങളിൽ നിന്ന് ഇന്ത്യ പിന്നോട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. തീവ്രവാദത്തിനെതിരായ നിലപാട് ഇന്ത്യ തുടരുമെന്നും വിദേശകാര്യമന്ത്രി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സേനയും പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


"സൈനിക നടപടിയും വെടിവെപ്പും നിർത്തലാക്കുന്നതിനായി ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഒരു ധാരണയിലെത്തി. ഏത് തരത്തിലുള്ള തീവ്രവാദത്തിനും എതിരെ എന്നും അചഞ്ചലവും സമ്മർദങ്ങൾക്ക് വഴങ്ങാത്തതുമായി നിലപാടാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. ഇത് അങ്ങനെ തുടരും," എസ്. ജയശങ്കർ എക്സിൽ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com