
ലോകസമാധാനത്തിനുവേണ്ടി നിലകൊള്ളാന്‍ ഇന്ത്യ പ്രതിജ്ഞാബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മോദിയുടെ റഷ്യന്‍ സന്ദർശനത്തില്‍ അമേരിക്ക ആശങ്കയറിയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ലോകസമാധാനത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ദീർഘകാല പ്രയത്നത്തെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെയാണെന്നും യുദ്ധമല്ലെന്നും കൂട്ടിച്ചേർത്തു. വർഷങ്ങളായി ലോകത്തിനു ഇന്ത്യ നൽകുന്നത് സമാധാനത്തിന്റെ സന്ദേശമാണ്, യുദ്ധത്തിന്റെ സന്ദേശമല്ല. ലോക സമാധാനവും അഭിവൃദ്ധിയുമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരമുണ്ടാക്കേണ്ടത് യുദ്ധഭൂമിയിലല്ലെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മോദിയുടെ റഷ്യന്‍ സന്ദർശനത്തില്‍ അമേരിക്ക ആശങ്കയറിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ആഹ്വാനമെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം വിയന്നയില്‍ എത്തിയ പ്രധാനമന്ത്രി ഓസ്ട്രിയന്‍ ചാൻസലർ കാൾ നെഹമ്മറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകനന്മയ്ക്കായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി എക്സിൽ കുറിച്ചിരുന്നു. 41 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.